മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരേ ഭീഷണിയുമായി ബിഷ്‌ണോയ് സംഘം. സല്‍മാനേയും അധോലോക നായകന്‍ ദാവൂദിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കുക എന്നാണ് ബിഷ്‌ണോയ് സംഘം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
സല്‍മാന്‍ ഖാന്‍, ഞങ്ങള്‍ക്ക് ഈ യുദ്ധം വേണമെന്നില്ല, പക്ഷേ ഞങ്ങളുടെ സഹോദരന് ജീവന്‍ നഷ്ടമായത് നിങ്ങള്‍ കാരണമാണ്. ഇന്ന് ബാബാ സിദ്ദിഖിയുടെ മാന്യതയുടെ പൂള്‍ അടഞ്ഞു. കൊലപാതകത്തിന് കാരണം ദാവൂദ്, അനുജ് താപന്‍ എന്നിവരുമായുള്ള ബോളിവുഡ്, രാഷ്ട്രീയം, പ്രോപ്പര്‍ട്ടി ഡീലുകളുടെ ബന്ധങ്ങളാണ്.- ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയായ അനുജ് താപന്‍ നേരത്തേ മരണപ്പെട്ടിരുന്നു. ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് അന്ന് പോലിസ് നല്‍കിയ വിശദീകരണം.
ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും സല്‍മാന്‍ ഖാനേയും ദാവൂദ് ഇബ്രാഹിമിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങളുടെ സഹോദരങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പ്രതികരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
ബാബാ സിദ്ദിഖിയുടെ കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിയയാള്‍ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞ് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു.