'ശ്രീരാമന്റെ വിളി ലഭിച്ചവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ...'; രാമക്ഷേത്ര ഉദ്ഘാടന ക്ഷണം നിരസിച്ച യെച്ചൂരിക്കെതിരേ ബിജെപി
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി. എല്ലാവര്‍ക്കും ക്ഷണം അയച്ചിട്ടുണ്ടെന്നും എന്നാല്‍ ശ്രീരാമന്റെ വിളി ലഭിച്ചവര്‍ മാത്രമേ വരൂവെന്നും മീനാക്ഷി ലേഖി പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി നിലപാടെടുത്തതിനു പിന്നാലെയാണ് പരാമര്‍ശം. മതവിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അതിനാലാണ് ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കാന്‍ കാരണമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. 'മതം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. മതപരമായ ഒരു പരിപാടിയെ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഭരണഘടനാ പദവികള്‍ വഹിക്കുന്ന മറ്റുള്ളവരും ചേര്‍ന്ന് സംസ്ഥാനം സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു പരിപാടിയാക്കി മാറ്റുകയാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. സിപിഎം മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ബൃന്ദ കാരാട്ടിന്റെ പരാമര്‍ശം. അതേസമയം വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ സിപിഎം തീരുമാനത്തെ വിമര്‍ശിക്കുകയും സീതാറാം എന്ന് പേരുള്ളവര്‍ അയോധ്യായിലേക്ക് പോവില്ലെന്ന് റിപോര്‍ട്ടുണ്ടെന്നും പരിഹസിച്ചിരുന്നു. രാഷ്ട്രീയ എതിര്‍പ്പ് മനസ്സിലാക്കാം, പക്ഷേ ഒരാള്‍ക്ക് സ്വന്തം പേരിനോട് ഇത്ര വെറുപ്പ് ഉണ്ടെങ്കില്‍. അയാള്‍ക്ക് കമ്മ്യൂണിസ്റ്റാകാന്‍ മാത്രമേ കഴിയൂ! വെറുപ്പ് രാമനോടാണോ സ്വന്തം പേരിനോടോ എന്ന് പറയണമെന്നും ബന്‍സാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനിടെ, രാജ്യസഭാ എംപി കപില്‍ സിബലും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളെയും പ്രഹസനംമെന്നാണ് വിളിച്ചത്. 'എന്റെ ഹൃദയത്തില്‍ രാമനുണ്ട്. എനിക്ക് പുറത്ത് കാണിക്കേണ്ട ആവശ്യമില്ല. ഞാന്‍ നിങ്ങളോട് പറയുന്നത് എന്റെ ഹൃദയത്തില്‍ നിന്നാണ്. കാരണം ഇക്കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല. രാമന്‍ എന്റെ ഹൃദയത്തിണ്ട്. എന്റെ യാത്രയിലുടനീളം രാമന്‍ എന്നെ നയിച്ചിട്ടുണ്ട്. അതിനര്‍ഥം ഞാന്‍ ചെയ്ത കാര്യങ്ങള്‍ പലതും ശരിയായി എന്നാണെന്നും സിബല്‍ പറഞ്ഞിരുന്നു.