പിസി ജോര്‍ജിന്റെ വാഹനം തടഞ്ഞ് പിന്തുണയുമായി ബിജെപി;കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Update: 2022-05-01 05:33 GMT

തിരുവനന്തപുരം: വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിന് പിന്തുണയുമായി ബിജെപി.കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ പി സി ജോര്‍ജ് സഞ്ചരിച്ച വാഹനം തടഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചത്.

തിരുവനന്തപുരത്ത് വെമ്പായത്ത് വട്ടപ്പാറയ്ക്ക് സമീപം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പിസി ജോര്‍ജിന് അഭിവാദ്യം വിളിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഷാളണിയിച്ചു.പി സി ജോര്‍ജ് തിരിച്ച് ബിജെപി പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്തു.പോലിസ് എത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നു.

തുടര്‍ന്ന് തിരുവനന്തപുരം നന്ദാവനം എആര്‍ കാംപില്‍ എത്തിച്ചപ്പോള്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒത്തുകൂടി.പി സി ജോര്‍ജിന്റെ വാഹനത്തിനു നേരെ ചീമുട്ട എറിയുകുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. കാംപിന് പുറത്ത് വച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനെ കരിങ്കൊടി കാട്ടിയത്.

ഇന്നു രാവിലെ 6.30നാണ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നുമാണ് പി സി ജോര്‍ജിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. വിവാദ പ്രസംഗത്തിന്റെ പേരില്‍ യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ എന്നിവരടക്കം പരാതി നല്‍കിയിരുന്നു.

അതേസമയം, വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലിസ് സ്വമേധയ എടുത്ത കേസെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെന്നും എഫ്‌ഐആര്‍.

153 എ വകുപ്പ് പ്രകാരമാണ് പിസി ജോര്‍ജിനെതിരേ കേസെടുത്തിരിക്കുന്നത്. സമൂഹത്തില്‍ ഭീതി വിതയ്ക്കും വിധത്തില്‍ പ്രസംഗിച്ചതിന് 295 എ വകുപ്പും അദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുണ്ട്.

Tags:    

Similar News