വാര്‍ത്ത നല്‍കാന്‍ ബിജെപി കൈക്കൂലി നല്‍കിയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബിജെപി എംഎല്‍എ വിക്രം രണ്‍ധവയാണ് കവറുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെ സാന്നിദ്ധ്യവും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Update: 2019-05-08 10:12 GMT

Full View

ശ്രീനഗര്‍: ലോകസഭാ തിരഞ്ഞടുപ്പില്‍ പാര്‍ട്ടി അനുകൂല വാര്‍ത്ത നല്‍കുന്നതിന് ജമ്മു കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി കൈക്കൂലി കൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവ് കവറുകള്‍ കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബിജെപി എംഎല്‍എ വിക്രം രണ്‍ധവയാണ് കവറുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെ സാന്നിദ്ധ്യവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ആഴ്ച ലഡാക്കിലെ ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ബിജെപി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കവര്‍ കൈമാറുന്നത്.

ഹോട്ടല്‍ സിങ്കേ പാലസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് ശേഷം ബിജെപി നേതാവ് റെയ്‌ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയുമായി ചില മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ലേ പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ ഇതുസംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കിയിരുന്നു.

സംഭവം ബിജെപി നേതാക്കള്‍ നിഷേധിച്ചതോടെ ബിജെപി പണം നല്‍കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. താന്‍ അടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാക്കള്‍ പണം അടങ്ങിയ കവര്‍ കൈമാറിയെന്ന് മാധ്യമ പ്രവര്‍ത്തക റിന്‍ചെന്‍ ആങ്‌മോ വ്യക്തമാക്കി. 'എന്താണ് കവറിലെന്ന ചോദ്യത്തിന്, സ്‌നേഹത്തിനുള്ള സൂചനയാണെന്നായിരുന്നു മറുപടി. കവര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ നിരവധി 500 ന്റെ നോട്ടുകളാണ് കണ്ടത്. ഉടനെ തന്നെ കവര്‍ ബിജെപി നേതാക്കള്‍ക്ക് മടക്കി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പണമടങ്ങിയ കവര്‍ ടേബിളില്‍ തന്നെ ഉപേക്ഷിച്ചു.' ആങ്‌മോ പറഞ്ഞു. ഒരു സ്ത്രീ കവര്‍ ടേബിളില്‍ ഉപേക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. മാധ്യമ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍.

Tags:    

Similar News