കനയ്യ കുമാറിനെതിരേ നിര്‍ബന്ധിച്ച് വോട്ടു ചെയ്യിപ്പിച്ചു; വോട്ടര്‍മാരുടെ വെളിപ്പെടുത്തല്‍ വീഡിയോ
ഇവിഎമ്മില്‍ ഒന്നാമത് കനയ്യയുടെ പേരാണ്, എന്നാല്‍ രണ്ടാമതിരിക്കുന്ന ഗിരിരാജ് സിങിന് വോട്ടു ചെയ്യാനാണ് തങ്ങളെ നിര്‍ബന്ധിപ്പിക്കുന്നത്. 'രണ്ടാം നമ്പര്‍ ബട്ടണ്‍ അമര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ബമംഗവ പഞ്ചായത്തിലേക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു' വോട്ടറായ യുവതി വീഡിയോയില്‍ പറയുന്നു.
പട്‌ന: ബിഹാറിലെ ബെഗുസാരയില്‍ കനയ്യ കുമാറിനെതിരേ നിര്‍ബന്ധിച്ച് വോട്ടുചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി വോട്ടര്‍മാര്‍. വോട്ടു ചെയ്യാനെത്തിയ തങ്ങളെ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങ്ങിന് വോട്ടുചെയ്യിക്കാന്‍ പോളിങ് ബൂത്തിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം നിര്‍ബന്ധിച്ചുവെന്നാണ് ബെഗുസാരയിലെ ബമംഗവ പഞ്ചായത്തിലെ വോട്ടര്‍മാര്‍ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിലാണ് കനയ്യ കുമാറിനെതിരേയുള്ള നീക്കം വെളിപ്പെടുത്തുന്നത്. ഇവിഎമ്മില്‍ ഒന്നാമത് കനയ്യയുടെ പേരാണ്, എന്നാല്‍ രണ്ടാമതിരിക്കുന്ന ഗിരിരാജ് സിങിന് വോട്ടു ചെയ്യാനാണ് തങ്ങളെ നിര്‍ബന്ധിപ്പിക്കുന്നത്. 'രണ്ടാം നമ്പര്‍ ബട്ടണ്‍ അമര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ബമംഗവ പഞ്ചായത്തിലേക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു' വോട്ടറായ യുവതി വീഡിയോയില്‍ പറയുന്നു. തന്നെക്കൊണ്ട് ഗിരിരാജ് സിങിന് വോട്ടു ചെയ്യിച്ചെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവതി ആരോപിക്കുന്നുണ്ട്. എനിക്ക് കനയ്യകുമാറിന് അനുകൂലമായി വോട്ടു ചെയ്യണമെന്നുണ്ട്, എന്നാല്‍ അവരെന്നെ രണ്ടാം നമ്പര്‍ ബട്ടണില്‍ അമര്‍ത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു' അവര്‍ പറയുന്നു. യുവതിക്കു ചുറ്റും നില്‍ക്കുന്ന ആളുകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയിലുണ്ട്. ബെഗുസാരയില്‍ ബിജെപിയുടെ ഗിരിരാജ് സിങ്ങിനെതിരെയും ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സനെതിരെയുമാണ് സിപിഐ സ്ഥാനാര്‍ഥിയായ കനയ്യകുമാര്‍ മല്‍സരിക്കുന്നത്.
Bjp candidate from Begusarai pressures on citizen for forcefully voting for bjp https://t.co/uqoEo8g5Md
— Amir (@Amir88340692) April 29, 2019
ബെഗുസരായില്‍ ആദ്യം കനയ്യക്കു പിന്തുണ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആര്‍ജെഡി തീരുമാനിക്കുകയായിരുന്നു. രാജ്യശ്രദ്ധയാകര്‍ഷിച്ച പ്രചാരണമായിരുന്നു കനയ്യകുമാറിന്റേത്. കനയ്യക്കുവേണ്ടി ജാവേദ് അക്തര്‍, ശബാന ആസ്മി, സ്വര ഭാസ്‌കര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തുകയും ചെയ്തിരുന്നു.