പുന്നല ശ്രീകുമാറിനും സണ്ണി എം കപിക്കാടിനും ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍

ബിജെപി നേതാവും നേമം ദലിത് മോര്‍ച്ച കാര്യവാഹകുമായ കൈമനം സ്വദേശിയായ മഹേഷ് അറസ്റ്റിലായത്.

Update: 2019-02-03 12:22 GMT

തിരുവനന്തപുരം: കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനും ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനും നേരെ വധഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവും നേമം ദലിത് മോര്‍ച്ച കാര്യവാഹകുമായ കൈമനം സ്വദേശിയായ മഹേഷ് അറസ്റ്റിലായത്.

ദലിത് എംപവര്‍മെന്റ് മൂവ്‌മെന്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഫെബ്രു. 4ന് നടത്തുന്ന 'സംവരണം, നവോത്ഥാനം, ഭരണഘടന' എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പരിപാടിയില്‍ പങ്കെടുത്താല്‍ വടിവാളു കൊണ്ടു വെട്ടുമെന്നും തിരുവനന്തപുരത്ത് കാലു കുത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. പരിപാടിയുടെ പോസ്റ്ററില്‍ ചേര്‍ത്തിരുന്ന സംസ്ഥാന പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരിയുടെ നമ്പരിലേക്ക് വിളിച്ചായിരുന്നു ഭീഷണി. ഭീഷണിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്മെന്റ് പൊലിസിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേഷ് അറസ്റ്റിലായത്. തിരുവനന്തപുരം ബിജെപിജില്ലാ സെക്രട്ടറി ദീപുരാജിന്റെ സഹോദരന്റെ മകനാണ് അറസ്റ്റിലായ മഹേഷ്.

ഹിന്ദുത്വര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച നേതാക്കളാണ് പുന്നല ശ്രീകുമാറും സണ്ണി എം കപിക്കാടും. ശബരിമല യുവതിപ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ കണ്‍വീനറാണ് പുന്നല ശ്രീകുമാര്‍.

അതേ സമയം, എന്ത് തന്നെ ഭീഷണി ഉണ്ടായാലും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സണ്ണി എം കപിക്കാട് തേജസ് ന്യൂസിനോട് പറഞ്ഞു. ശബരിലയുമായി ബന്ധപ്പെട്ട് ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കാത്തതാണ് ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News