വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മോശം പരാമര്‍ശം; ബിജെപി നേതാവ് എസ് വി ശേഖറിനെ കോടതി ശിക്ഷിച്ചു

Update: 2024-02-19 16:32 GMT
ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ എസ് വി ശേഖറിനെ ചെന്നൈ കോടതി ശിക്ഷിച്ചു. 30 ദിവസം തടവും 15000 രൂപ പിഴയുമാണ് തമിഴ്‌നാട്ടിലെ പാര്‍ലമെന്റ് അംഗങ്ങളുടെയും നിയമസഭാ സാമാജികരുടെയും കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള അഡീഷനല്‍ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. എന്നാല്‍ സിആര്‍പിസി സെക്ഷന്‍ 338 പ്രകാരം കോടതി അദ്ദേഹത്തിന്റെ ഹരജി അനുവദിക്കുകയും ശിക്ഷ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2018 ഏപ്രിലില്‍ ശേഖര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവും അശ്ലീലവുമായ കമന്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

    തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശേഖര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇളവ് അനുവദിച്ചില്ല. തിരുമലൈ സാ എന്ന ഒരാളില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും അതേ ദിവസം തന്നെ അപകീര്‍ത്തികരമായ പോസ്റ്റ് നീക്കം ചെയ്‌തെന്നും ശേഖര്‍ വാദിച്ചു. എന്നാല്‍, സന്ദേശം ഫോര്‍വേഡ് ചെയ്യുന്ന വ്യക്തി അതിന്റെ ഉള്ളടക്കത്തിനും ബാധ്യസ്ഥനായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ശേഖര്‍ ഉയര്‍ന്ന രാഷ്ട്രീയക്കാരനും നിരവധി അനുയായികളുമുള്ള ആളായതിനാല്‍ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നടപടികളില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈകോടതി, ശേഖര്‍ പോസ്റ്റ് ചെയ്ത സന്ദേശം സ്ത്രീകളുടെ മാന്യതയെ വ്രണപ്പെടുത്തുന്നതും ഒരു പ്രത്യേക സ്ത്രീയെയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും അസഭ്യവും ക്രൂരവുമായ ആക്രമണം ഉള്‍ക്കൊള്ളുന്നതാണെന്നും നിരീക്ഷിച്ചു. 2002ലെ തമിഴ്‌നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 509 ഐപിസി, സെക്ഷന്‍ 4 എന്നിവ പ്രകാരവും ഇദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നു.

Tags:    

Similar News