'ജയ് ശ്രീറാം' വിളിച്ച് ബിജെപി അംഗം, 'അല്ലാഹു അക്ബറു'മായി ലീഗ് പ്രവര്‍ത്തകര്‍; മഞ്ചേശ്വരത്തും സംഘര്‍ഷാവസ്ഥ

Update: 2020-12-21 10:57 GMT
മഞ്ചേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്കിടെ മഞ്ചേശ്വരം പഞ്ചായത്തിലും 'ജയ് ശ്രീറാം' വിളികളുമായി ബിജെപി. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 'അല്ലാഹു അക്ബര്‍' വിളിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് 17ാം വാര്‍ഡായ അടുക്കയില്‍ നിന്നു ജയിച്ച ബിജെപി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ ബി കിഷോര്‍ കുമാര്‍ മൈക്കില്‍ 'ജയ് ശ്രീറാം' വിളിച്ചത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞ ശേഷമാണ് കിഷോര്‍ കുമാര്‍ 'ജയ് ശ്രീറാം' വിളിച്ചത്. ഈ സമയം വേദിയിലുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും 'അല്ലാഹു അക്ബര്‍' വിളിക്കുകയും ചെയ്തു. ഇതോടെ, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഇടപ്പെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

    അല്‍പ്പസമയത്തിനു ശേഷം പിന്നീട് സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുനരാരംഭിച്ചു. കിഷോര്‍ കുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചിരുന്നെങ്കിലും ബാക്കിയുള്ള അംഗങ്ങളെല്ലാം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ മടങ്ങുകയായിരുന്നു.

    അതേസമയം, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ചത് ഭരണഘടനയോടുള്ള അനാദരവും മത സൗഹാര്‍ദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ് ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നല്‍കി. സത്യപ്രതിജ്ഞാ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഘപരിവാര്‍ സംഘത്തിന്റെ ശ്രമത്തിനെതിരേ പ്രതിഷേധം ഉയരണമെന്നും നേതാക്കള്‍ പറഞ്ഞു. നേരത്തേ പാലക്കാട് നഗരസഭാ കാര്യാലയത്തില്‍ ഫലപ്രഖ്യാപന ദിവസം ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ബാനര്‍ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു. ഇന്ന് രാവിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം വിളിച്ചതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയപതാക ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

BJP member chant 'Jai Shriram', League activists with 'Allahu Akbar'


Tags:    

Similar News