മദ്‌റസകള്‍ നിരോധിക്കണമെന്ന് ബിഹാറിലെ ബിജെപി എംഎല്‍എ
'ബിഹാറില്‍ തീവ്രവാദ വിദ്യാഭ്യാസം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് മദ്‌റസകള്‍. അതിനാല്‍ ബീഹാറിലെ ഇത്തരം സ്ഥാപനങ്ങള്‍ നിരോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്'- താക്കൂര്‍ പറഞ്ഞു.
പട്‌ന: സംസ്ഥാനത്ത് മദ്‌റസകള്‍ നിരോധിക്കണമെന്ന് ബിഹാര്‍ ബിജെപി എംഎല്‍എ. വര്‍ഗീയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ബിജെപി എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂറാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബങ്ക ജില്ലയിലെ മദ്‌റസയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെയാണ് ഇയാളുടെ വിവാദ പ്രസ്താവന.
'ബിഹാറില്‍ തീവ്രവാദ വിദ്യാഭ്യാസം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് മദ്‌റസകള്‍. അതിനാല്‍ ബീഹാറിലെ ഇത്തരം സ്ഥാപനങ്ങള്‍ നിരോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്'- താക്കൂര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി മൂലം സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനിടെയാണ് ബിജെപി നിയമസഭാംഗത്തിന്റെ വിവാദ പ്രസ്താവന.
ചൊവ്വാഴ്ച മദ്‌റസയില്‍ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ കെട്ടിടം നിലംപൊത്തി. കൊറോണ വൈറസ് കാരണം മദ്‌റസ അടഞ്ഞുകിടക്കുന്നതിനാല്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഏത് സാഹചര്യത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും താക്കൂര്‍ പറഞ്ഞു.
നേരത്തേയും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ് താക്കൂര്‍. കിഷന്‍ഗഞ്ച്, ദര്‍ഭംഗ, പൂര്‍ണ, കതിഹാര്‍, ജാമുയി, ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളില്‍ ദലിതര്‍ പീഡിപ്പിക്കപ്പെടുന്നതില്‍ ന്യൂനപക്ഷ സമുദായമാണ് ഉത്തരവാദികളെന്ന് ഇയാള്‍ നേരത്തേ ആരോപിച്ചിരുന്നു.