'കൊറോണയെക്കാള്‍ അപകടകാരി, ജനങ്ങളെ തമ്മിലടിപ്പിക്കുന്നു'; ബിജെപിയെ കടന്നാക്രമിച്ച് നുസ്രത് ജഹാന്‍
നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങള്‍ക്ക് ചുറ്റുമുള്ള ചിലര്‍ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്.
കൊല്‍ക്കത്ത: ബിജെപി കൊറോണ വൈറസിനെക്കാള്‍ അപകടകാരിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. ബാഷിര്‍ഹത് മണ്ഡലത്തില്‍ നടന്ന രക്തദാനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് എംപി ബിജെപിയെ കടന്നാക്രമിച്ചത്. നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങള്‍ക്ക് ചുറ്റുമുള്ള ചിലര്‍ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്. കാരണം അവര്‍ക്ക് നമ്മുടെ സംസ്‌കാരമെന്താണെന്ന് അറിയില്ല. മനുഷ്യത്വം അവര്‍ക്ക് മനസിലാകില്ല. നമ്മുടെ കഷ്ടപ്പാടിന്റെ മഹത്വം അവര്‍ക്ക് മനസിലാക്കില്ല. ബിസിനസ് മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. അവരുടെ കയ്യില്‍ ഒരുപാട് പണമുണ്ട്. അതെല്ലായിടത്തും പടര്‍ത്തുകയാണവര്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിച്ച് കലാപമുണ്ടാക്കുകയാണവരെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.
നുസ്രത്തിന്റെ പരാമര്‍ശത്തിനു പിന്നാലെ അമിത് മാളവ്യ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രംഗത്തെത്തി. പ്രീണനരാഷ്ട്രീയമാണ് അവര്‍ നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു. പശ്ചിമ ബംഗാളില്‍ മോശം തരത്തിലുള്ള വാക്‌സിന്‍ രാഷ്ട്രീയമാണ് നടക്കുന്നത്. ആദ്യം, മന്ത്രിയായ സിദ്ദിഖുല്ല ചൗധരി വാക്‌സീനുമായെത്തിയ ട്രക്കുകള്‍ തടഞ്ഞു. ഇപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ദെഗാങ്ഗയില്‍ പ്രചാരണം നടത്തുന്ന ഒരു തൃണമൂല്‍ എംപി ബിജെപിയെ കൊറോണയുമായി ബന്ധിപ്പിക്കുകയാണ്. എന്നിട്ടും മമത മൗനത്തിലാണെന്നും മാളവ്യ പറഞ്ഞു.