ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി; കര്‍ണാടകയില്‍ പാഠപുസ്തകങ്ങളിലും കാവിവല്‍ക്കരണത്തിന് ബിജെപി
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനും ക്ഷേത്ര ഉല്‍സവ മേളകളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനും പിന്നാലെ സ്‌കൂള്‍ പാഠപുസ്തകങ്ങളിലും ഹിന്ദുത്വവല്‍ക്കരണവുമായി ബിജെപി രംഗത്ത്. ചരിത്രപുരുഷനായ ടിപ്പു സുല്‍ത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ ഭാഗങ്ങള്‍ തിരുകിക്കയറ്റുകയും ചെയ്തു. കര്‍ണാടക സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ച പാഠപുസ്തക പരിഷ്‌കരണ സമിതി റിപോര്‍ട്ടിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലാണ് പാഠപുസ്തക പരിഷ്‌കരണ സമിതി രൂപീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസ് റിപോര്‍ട്ട് ചെയ്തു. 'വൈദിക (ഹിന്ദു) മതത്തിന്റെ പോരായ്മകള്‍ കൊണ്ടാണ് മറ്റു മതങ്ങള്‍ നിലവില്‍ വന്നത്' എന്ന് നേരത്തെ വിദ്യാര്‍ഥികളെ പഠിപ്പിച്ചത് കര്‍ണാടകയില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ആറാം ക്ലാസിലെ കുട്ടികളെയാണ് വിവാദപാഠഭാഗം പഠിപ്പിച്ചത്. ഇപ്പോള്‍ ടിപ്പു സുല്‍ത്താനെയും പാഠ്യപദ്ധതിയില്‍നിന്ന് പുറത്തുനിര്‍ത്തിയതിനെതിരേ വിലയ വിമര്‍ശനമാണ് ഉയരുന്നത്.
രോഹിത് ചക്രതീര്‍ത്ഥ കമ്മിറ്റി സോഷ്യല്‍ സയന്‍സ് വിഷയത്തിന്റെ 6 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. ചക്രതീര്‍ത്ഥയെ വലതുപക്ഷ ചിന്തകനായാണ് കണക്കാക്കുന്നത്. ഭരണകക്ഷിയായ ബിജെപി അദ്ദേഹത്തെ നിയമിച്ചത് വിദ്യാഭ്യാസത്തെ 'കാവിവല്‍ക്കരിക്കാനുള്ള' ശ്രമമാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 600 വര്‍ഷം വടക്കുകിഴക്കന്‍ ഇന്ത്യ ഭരിച്ച അഹോം രാജവംശം, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഭരിച്ചിരുന്ന കാര്‍ക്കോട്ട രാജവംശം, കശ്മീര്‍ ചരിത്രത്തെക്കുറിച്ചുള്ള പാഠങ്ങള്‍ എന്നിവയും സമിതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവാദമായ ബാബാ ബുഡന്‍ഗിരിയെയും ദത്തപീഠത്തെയും കുറിച്ചുള്ള പാഠം കൂടിയുണ്ട്. കശ്മീര്‍, ബാബാബുഡന്‍ഗിരി, ദത്തപീഠം എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ സംസ്ഥാനത്ത് വിവാദമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മൈസൂരു രാജാവായ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ സമിതി ഉപേക്ഷിച്ചതായും വൃത്തങ്ങള്‍ വിശദീകരിച്ചു. പക്ഷേ, ചരിത്രപരമായ പ്രാധാന്യമുള്ളതിനാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പാഠം നിലനിര്‍ത്തിയിട്ടുണ്ട്.
പുതുക്കിയ സിലബസ് സര്‍ക്കാര്‍ അംഗീകരിച്ചതായും 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയതായും നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. സമിതിയുടെ നിര്‍ദേശപ്രകാരം പാഠപുസ്തകങ്ങള്‍ പുനപ്പരിശോധിക്കാന്‍ വകുപ്പ് അനുമതി നല്‍കി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'വൈദിക ധര്‍മ'ത്തിലെ പോരായ്മകള്‍ ഇന്ത്യയില്‍ മറ്റ് മതങ്ങളുടെ പിറവിയിലേക്ക് നയിച്ച പാഠങ്ങള്‍ ആറാം ക്ലാസ് സോഷ്യല്‍ സയന്‍സ് പുസ്തകത്തിലുണ്ട്. കൃഷിക്ക് ഉപയോഗിച്ചിരുന്ന 'യജ്ഞങ്ങളില്‍' മൃഗങ്ങളെ ബലിയര്‍പ്പിക്കുകയും മതപരമായ ആചാരങ്ങള്‍ക്കിടെ ഭക്ഷ്യധാന്യങ്ങള്‍ കത്തിക്കുകയും ചെയ്തതിനാല്‍ ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുന്നതായും പാഠഭാഗങ്ങളിലുണ്ടായിരുന്നു. വിഷയം കര്‍ണാടകയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. പാഠങ്ങള്‍ ഹിന്ദുവിരുദ്ധ വികാരം വളര്‍ത്തിയതായാണ് ആരോപണം ഉയര്‍ന്നത്.