ധാര്‍വാഡ്: കര്‍ണാടകയിലെ ധാര്‍വാഡ് താലൂക്കിലെ കോട്ടൂരില്‍ യുവമോര്‍ച്ച നേതാവ് കുത്തേറ്റ് മരിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാറിനെ(36)യാണ് ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ജില്ലാ സിവില്‍ ആശുപത്രിയിലേക്കും പിന്നീട് എസ്ഡിഎം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണപ്പെട്ടു. ഗ്രാമം ഉടച്ചമ്മ ദേവീ മേളം ആഘോഷത്തിനിടെ പ്രസാദം വിതരണം ചെയ്യുന്നതിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രവീണ്‍ ഇടപെട്ട് സംഘങ്ങളെ വേര്‍പെടുത്തിയതായി പറയുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം ഒരു സംഘം പ്രവീണിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും കുത്തേറ്റാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. പ്രവീണിന്റെ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗരാഗ് പോലിസ് കേസെടുത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് വ്യക്തമായിട്ടില്ല. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ധാര്‍വാഡ് റൂറല്‍ എംഎല്‍എ അമൃത് ദേശായി തുടങ്ങിയവര്‍ എസ്ഡിഎം ആശുപത്രി സന്ദര്‍ശിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു. പ്രവീണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.