മഹാരാഷ്ട്രയില്‍ ബിജെപിക്ക് വീഴ്ച; പാര്‍ട്ടി പിളര്‍ത്തിയിട്ടും അജയ്യരായി ഉദ്ധവ് താക്കറെയും ശരത് പവാറും

Update: 2024-06-04 07:58 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കും എന്‍.ഡി.എക്കും തിരിച്ചടി. ശിവസേന, എന്‍.സി.പി എന്നീ പാര്‍ട്ടികളെ പിളര്‍ത്തികൂടെ നിര്‍ത്തിയിട്ടും വോട്ടിങ്ങില്‍ ലീഡ് നേടാനാവാത്ത അവസ്ഥയാണ് നിലവില്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി. എക്കുള്ളത്.ഇന്ത്യ സഖ്യത്തിനൊപ്പമുള്ള ഉദ്ധവ് താക്കറെയുടെ ശിവസേന 11 സീറ്റുകളിലും ശരത് പവാറിന്റെ എന്‍.സി.പി എട്ട് സീറ്റുകള്‍ മുന്നിട്ട് നില്‍ക്കുകയാണ്. 11 സീറ്റുകളില്‍ ലീഡ് നേടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ബി.ജെ.പിക്ക് 11 സീറ്റുകളിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് അഞ്ച് സീറ്റുകളിലുമാണ് ലീഡിങ് ഉള്ളത്.

മഹാരാഷ്ട്രയിലെ പ്രധാന പാര്‍ട്ടിയായ ശിവസേന പിളര്‍ന്നതോടെ വോട്ടുകളിലും വലിയ വിഭജനമുണ്ടാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകള്‍ക്കെല്ലാം വിപരീതമാണ് നിലവിലെ ലീഡിങ്. നനദുര്‍ബര്‍, അകോല, അമരാവതി, റാംറ്റക്ക്, കടച്ചിലോറി ചിമുര്‍, ചന്ദ്രപുര്‍, നന്ദേദ്, ചലന, ലാറ്റര്‍, സോലാപൂര്‍, കോലാപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ലീഡ് ഉള്ളത്.

യവത്മാല്‍ വാസിം, ഹിങ്കോലി, പ്രഭാനി, നാസിക്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുബൈ സൗത്ത്, ഷിര്‍ദി, ഒസ്മാനാബാദ്, ഹാറ്റ്കാനാഗലീ എന്നിവിടങ്ങളില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ലീഡ് ഉണ്ട്.


വാര്‍ദ്ധ, ടിന്‍ഡറി, ഭിവാന്ദി, ബര്‍മാറ്റി, ഷിരൂര്‍, ബീഡ്, മേധ, സതാര തുടങ്ങിയ മണ്ഡലങ്ങളിലാണ് ശരത് പവാറിന്റെ എന്‍.സി.പിക്ക് ലീഡ് ഉള്ളത്.



തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം നിലനില്‍ക്കവെയാണ് പാര്‍ട്ടി പിളര്‍ത്തി ശിവസേനയിലെ ഷിന്‍ഡെ വിഭാഗം ബി.ജെ.പിയോട് ചേര്‍ന്നത്. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഉദ്ധവ് താക്കറെ ഇന്ത്യ മുന്നണിയോടൊപ്പം സഖ്യം ചേരുകയായിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന മത്സരിക്കുന്ന നാലിടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ഷിന്‍ഡെ വിഭാഗത്തില്‍ നിന്നാണ്.





Tags:    

Similar News