ഡല്‍ഹിയിലും ഓപറേഷന്‍ താമര; സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി 800 കോടി വാഗ്ദാനം ചെയ്‌തെന്ന് എഎപി

Update: 2022-08-25 09:17 GMT
ഡല്‍ഹിയിലും ഓപറേഷന്‍ താമര; സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി 800 കോടി വാഗ്ദാനം ചെയ്‌തെന്ന് എഎപി

ന്യൂഡല്‍ഹി: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഡല്‍ഹിയില്‍ എംഎല്‍എമാര്‍ക്ക് കോടികള്‍ ബിജെപി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. ഡല്‍ഹിയിലെ 40 ഓളം പാര്‍ട്ടി എംഎല്‍എമാരെ ബിജെപി പണം വാഗ്ദാനം ചെയ്ത് ബന്ധപ്പെട്ടെന്ന് ആം ആദ്മി എംഎല്‍എ ദിലീപ് പാണ്ഡേ വ്യക്തമാക്കി. ഒരു എംഎല്‍എയ്ക്ക് 20 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി 800 കോടി രൂപയാണ് ഇറക്കിയതെന്നും പാണ്ഡെ ആരോപിച്ചു.

ഡല്‍ഹിയിലെ ബിജെപിയുടെ ഓപറേഷന്‍ താമര പരാജയപ്പെട്ടു. പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് ബിജെപി സമീപിച്ചതായി 12 എംഎല്‍എമാര്‍ അറിയിച്ചതായി ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ആരോപണങ്ങള്‍ക്കിടെ കെജ്‌രിവാള്‍ വിളിച്ച യോഗത്തില്‍ 40 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെയെത്തിയത്. ചില എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ഇവര്‍ ബിജെപിയുടെ വലയില്‍ വീണോ എന്ന് ആശങ്കയുണ്ടെന്നുമുള്ള റിപോര്‍ട്ടുകള്‍ പാര്‍ട്ടി വൃത്തങ്ങളില്‍നിന്നുതന്നെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ വസതിയില്‍ അടിയന്തര യോഗം ചേര്‍ന്നത്.

എല്ലാ എഎപി എംഎല്‍എമാരും തങ്ങളുമായി ബന്ധപ്പെട്ടതായി യോഗത്തിനുശേഷം എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണമായും സുസ്ഥിരമാണ്. ബിജെപിയുടെ 'ഓപറേഷന്‍ താമര' ഡല്‍ഹിയില്‍ പരാജയപ്പെട്ടെന്ന് ഇന്ന് തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എഎപിയില്‍ നിന്ന് പുറത്തുപോവാന്‍ ബിജെപി നേതാക്കള്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നതായി 12 എംഎല്‍എമാര്‍ യോഗത്തില്‍ പറഞ്ഞതായി വക്താവ് അവകാശപ്പെട്ടു. ഇത്രയും പണം ബിജെപിക്ക് എവിടെ നിന്ന് ലഭിച്ചത്. ഇത് കള്ളപ്പണമാണ്. ഇതെക്കുറിച്ച് ഇഡി അന്വേഷിക്കണം. എവിടെയാണ് ഈ 800 കോടി രൂപയുടെ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നത്? എന്തുകൊണ്ട് ഇഡിയും സിബിഐയും റെയ്ഡ് നടത്തി കണ്ടെത്തുന്നില്ല ? അദ്ദേഹം ചോദിച്ചു.

ആകെയുള്ള 62 എംഎല്‍എമാരില്‍ 53 പേരും വ്യാഴാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തതായും ബാക്കിയുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ടതായും വക്താവ് അറിയിച്ചു. മദ്യനയക്കേസില്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ്‌ക്കെക്കെതിരെ ഇഡിയും സിബിഐയും അന്വേഷണമാരംഭിച്ചതിനു പിന്നാലെ ആം ആദ്മിയും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചതോടെ കെജ്‌രിവാളും സിസോദിയയും ഗുജറാത്തിലെത്തിയിരുന്നു.

ഡിസംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെ ലക്ഷ്യമിട്ട് നടത്തിയ സന്ദര്‍ശനത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരേയുള്ള കേസ് പിന്‍വലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കുതിരക്കച്ചവടം നടത്തി ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ശ്രമിച്ചെന്ന് എഎപി നേതാക്കള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഡല്‍ഹി സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് എഎപി നേതാക്കള്‍ വെളിപ്പെടുത്തി. ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എംഎല്‍എമാരെ ഒപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദാനമെന്ന് സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും ഓപറേഷന്‍ താമര നടത്താനാണ് ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം.

Tags:    

Similar News