കാബൂളിലെ ഗുരുദ്വാരയില്‍ സ്‌ഫോടനം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഭവവികാസങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ സ്‌ഫോടനം. സിഖ് മത വിശ്വാസികളുടെ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ഒന്നിലേറെ തവണ സ്‌ഫോടനം ഉണ്ടായതായാണ് റിപോര്‍ട്ട്.സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
കാബൂളിലെ കര്‍തെ പര്‍വാന്‍ മേഖലയിലെ ഗുരുദ്വാരക്കു സമീപമുള്ള തിരക്കേറിയ റോഡിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇന്ത്യന്‍ സമയം രാവിലെ 8.30 ഓടെയാണ് ബോംബാക്രമണം ഉണ്ടായത്. ഗുരുദ്വാരയിലെ ഗാര്‍ഡ് അക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.അക്രമികളെ താലിബാന്‍ സേനാംഗങ്ങള്‍ പ്രതിരോധിച്ചു. താലിബാന്റെ മൂന്ന് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.30 ഓളം സിഖ്, ഹിന്ദു വിഭാഗക്കാര്‍ ആക്രമണ സമയത്ത് ഗുരുദ്വാരക്കുള്ളില്‍ ഉണ്ടായിരുന്നു. ഇതില്‍ 15 ഓളം പേര്‍ക്ക് രക്ഷപ്പെടാനായി. ബാക്കിയുള്ളവര്‍ കുടങ്ങിക്കിടക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
സംഭവത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഭവവികാസങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.ഈ മാസം 11നും കാബൂളില്‍ സ്‌ഫോടനം റിപോര്‍ട്ട് ചെയ്തിരുന്നു. അന്ന് പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.