'ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്'; ഗസയിലെ കൂട്ടക്കുരുതിയെ പിന്തുണച്ച് വീണ്ടും യുഎസ്
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന യുഎസ് ആഹ്വാനവും ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ വിശ്വാസവും അദ്ദേഹം ആവര്‍ത്തിച്ചു.
വാഷിങ്ടണ്‍: വെടിനിര്‍ത്താനുള്ള ലോക രാജ്യങ്ങളുടെ ആഹ്വാനം പുച്ഛിച്ച് തള്ളി ഗസ മുനമ്പിനെ ചോരക്കളമാക്കുന്നത് തുടരുന്ന ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന് പിന്തുണയുമായി വീണ്ടും അമേരിക്ക. ഗസയില്‍നിന്നുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നാണ് യുഎസ് വീണ്ടും വ്യക്തമാക്കിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്‍ യുഎസ് പിന്തുണ ആവര്‍ത്തിച്ചത്.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന യുഎസ് ആഹ്വാനവും ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ വിശ്വാസവും അദ്ദേഹം ആവര്‍ത്തിച്ചു. ഫലസ്തീന്‍ ആക്രമണത്തില്‍ നിന്നും പിന്മാറണമെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നതായും വര്‍ദ്ധിച്ചുവരുന്ന അക്രമത്തെക്കുറിച്ച് യു.എസ് വളരെയധികം ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ തകര്‍ത്ത അല്‍ജസീറയടക്കമുള്ള ചാനലിന്റെ കെട്ടിടത്തിലും താമസ സമുച്ചയത്തിലും ഹമാസിന്റെ പ്രാതിനിധ്യമുള്ളതായി ഒരു തെളിവും ഇസ്രായേലിന് ലഭിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് ഇസ്രായേല്‍ ഇത്തരം കെട്ടിടങ്ങള്‍ തകര്‍ത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.