'ബോഡി വേസ്റ്റ്' ആവര്‍ത്തനം: പിണറായിയുടെ നീക്കത്തില്‍ ദുരൂഹത; എ പി സുന്നി നേതൃത്വത്തില്‍ അമര്‍ഷം
പഴയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള വാര്‍ത്താ സമ്മേളനത്തിലെ മറുപടി ഹിന്ദുത്വ പ്രീണനത്തിനായി മുഖ്യമന്ത്രി സമര്‍ഥമായി ഉപയോഗിച്ചു എന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പി സി അബ്ദുല്ല
കോഴിക്കോട്: കാരന്തൂര്‍ സുന്നി മര്‍കസിലെ തിരു കേശത്തിനെതിരേ 'ബോഡി വേസ്റ്റ്' പരാമര്‍ശം ആവര്‍ത്തിച്ച് പിണറായി വിജയന്‍ വീണ്ടും രംഗത്തു വന്നതില്‍ ദുരൂഹത. പഴയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള വാര്‍ത്താ സമ്മേളനത്തിലെ മറുപടി ഹിന്ദുത്വ പ്രീണനത്തിനായി മുഖ്യമന്ത്രി സമര്‍ഥമായി ഉപയോഗിച്ചു എന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, പിണറായിയുടെ 'ബോഡി വേസ്റ്റ്' ആവര്‍ത്തനത്തിനെതിരേ എപി സുന്നി നേതൃത്വത്തിലും അണികളിലും കടുത്ത അമര്‍ഷം രൂപപ്പെട്ടു. പ്രതിയോഗികള്‍ക്ക് അവസരമൊരുക്കുന്ന തരത്തില്‍ പിണറായിക്കെതിരേ പരസ്യ പ്രതികരണം തല്‍ക്കാലം വേണ്ട എന്നാണ് തീരുമാനം. സംഘടനാ തലങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യും. കാന്തപുരം അടക്കമുള്ള ഉന്നത നേതാക്കള്‍ മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും നേരിട്ട് പ്രതിഷേധം അറിയിക്കുമെന്നും സൂചനയുണ്ട്.
കള്ളക്കടത്ത്, ജലീല്‍ വിവാദത്തില്‍ വിശുദ്ധ ഖുര്‍ആനെ ആയുധമാക്കുന്നതിനെതിരേ എ പി സുന്നി സംഘടനകളും പ്രസിദ്ധീകരണങ്ങളും സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി രംഗത്തുള്ളപ്പോഴാണ് തിരുകേശവുമായി ബന്ധപ്പെട്ട് വീണ്ടും പിണറായിയി വിജയനില്‍ നിന്ന് അപ്രതീക്ഷിത ആഘാതമുണ്ടായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ പി സുന്നി വിഭാഗത്തില്‍ നിന്നും ഇടതു മുന്നണിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലിനു പിന്നാലെയായിരുന്നു മര്‍കസിലെ തിരുകേശത്തിനെതിരേ പ്രകോപന പരമായ പരാമര്‍ശങ്ങളുമായി പിണറായി ആദ്യം രംഗത്തു വന്നത്. 2012ല്‍ കൊച്ചിയില്‍ വാഗ് ഭടാനന്ദ സെമിനാറില്‍ നടത്തിയ തിരുകേശത്തിനെതിരായ പരാമര്‍ശങ്ങള്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി തുടര്‍ നാളുകളിലെ വാര്‍ത്താ സമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
സിപിഎം എപി സുന്നി അടുപ്പത്തിന് വിള്ളല്‍ വീണ ഘട്ടത്തില്‍, മര്‍കസിലെ പ്രവാചക മുടിക്കെതിരേ ശക്തമായി രംഗത്തുണ്ടായിരുന്ന ഇ കെ സുന്നി വിഭാഗത്തെ പ്രീണിപ്പിക്കുക കൂടിയാണ് അന്ന് പിണറായി ചെയ്തതെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
പിണറായിയുടെ അന്നത്തെ 'ബോഡിവേസ്റ്റ്' പ്രസ്താവന ഇ കെ വിഭാഗം കൊണ്ടാടുക മാത്രമല്ല, സിപിഎമ്മിനും ചില ഇകെ സുന്നി നേതാക്കള്‍ക്കുമിടയില്‍ ഒരു അന്തര്‍ധാര അതോടെ രൂപപ്പെടുകയും ചെയ്തു. 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ വര്‍ഷങ്ങളില്‍ പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ നിലപാടുകള്‍ ഇ കെ സുന്നി സംഘടനകള്‍ അട്ടിമറിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയും ചെയ്തിരുന്നു.
എന്നാല്‍, സമാനമല്ല ഇപ്പോള്‍ സാഹചര്യങ്ങള്‍. മുസ്ലിം പരിസരത്തു നിന്ന് പരോക്ഷമായെങ്കിലും പിണറായിയെയും സര്‍ക്കാരിനെയും പിന്തുണക്കുന്നത് എപി സുന്നി വിഭാഗം മാത്രമാണ്. എന്നിരിക്കെ, മര്‍കസിലെ തിരുകേശത്തിനെതിരായ പിണറായിയുടെ പുതിയ രംഗ പ്രവേശത്തില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും സംശയിക്കുന്നവരുണ്ട്. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ 'ചന്ദ്രിക' ലേഖകന്റെ ചോദ്യത്തിനുള്ള സ്വാഭാവിക മറുപടിയായി മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ എപി സുന്നി നേതൃത്വം പോരും വിലയിരുത്തുന്നില്ല. മറുപടിയിലെ പിണറായിയുടെ വിശദീകരണവും ശരിര ഭാഷയും ഇങ്ങനെയൊരു ചോദ്യത്തെ പിണറായി അവസരമാക്കി മാറ്റി എന്നത് വ്യക്തമാക്കുന്നതാണ്. വിവാദ ചോദ്യങ്ങളോട് സമര്‍ഥമായി ഒഴിഞ്ഞു മാറുന്നതില്‍ മിടുക്ക് തെളിയിച്ച പിണറായി വിജയന്‍ പ്രവാചക കേശത്തിനെതിരേ കൃത്യമായ നിലപാടാണ് വിശദീകരിച്ചത്.
കള്ളക്കടത്ത്, ജലീല്‍ വിവാദങ്ങളില്‍ മുഖ്യ മന്ത്രിയും പാര്‍ട്ടിയും വിശുദ്ധ ഖുര്‍ആനിനെ കൂട്ടു പിടിച്ചത് മുസ്‌ലിം പ്രീണനമായാണ് സംഘ പരിവാരം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇത് ആസന്നമായ
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെതിരായ ഭൂരിപക്ഷ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുമെന്ന ആശങ്ക പാര്‍ട്ടിയെ പിടികൂടിയിരുന്നു. പ്രവാചക കേശത്തിനെതിരായ പരാമര്‍ശം വഴി അതിന് തടയിടുകയാണ് പിണറായി ചെയ്തതെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കടുത്ത സിപിഎം വിരുദ്ധരും സംഘപരിവാറിനോട് മൃദു സമീപനം പുലര്‍ത്തുന്നവരുമായ 'രാഷ്ട്രീയ നിരീക്ഷകര്‍' പിണറായിയുടെ 'ബോഡി വേസ്റ്റ്' പരാമര്‍ശത്തെ പിന്തുണച്ച് ഇന്നലെയും ഇന്നുമായി രംഗത്തെത്തിയതും ശ്രദ്ധേയമാണ്.