ഇരിട്ടിയില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരേ ബോംബെറിഞ്ഞ കേസ്: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍, നാലുപേര്‍ ഒളിവില്‍

Update: 2023-11-24 15:06 GMT

കണ്ണൂര്‍: ഇരിട്ടിക്കു സമീപം വിളക്കോടിനടുത്ത് ചാക്കാട് എസ് ഡിപിഐ പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബോംബെറിയുന്നതിനിടെ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്ന ചാക്കാട് സ്വദേശി ഇസ്ഹാഖ്(38), വിളക്കോട് സ്വദേശി ജ്യോതിഷ്(32) എന്നിവരെയാണ് മുഴക്കുന്ന് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാലുപേര്‍ ഒളിവിലാണെന്നാണ് സൂചന. എസ്ഡിപിഐ പ്രവര്‍ത്തകന്‍ പൂവനാണ്ടി ഹാഷിമിന്റെ വിടിനു നേരെയാണ് ഇക്കഴിഞ്ഞ 19ന് പുലര്‍ച്ചെ ബോംബെറിഞ്ഞത്. വീടിന് നേരെ എറിഞ്ഞ ബോംബ് സമീപത്തെ മരത്തില്‍ തട്ടി പൊട്ടുകയായിരുന്നു. ബോംബെറിയുന്നതിനിടെ മരത്തില്‍തട്ടി തിരിച്ചുവന്ന് പൊട്ടിത്തെറിച്ചാണ് ഇസഹാക്കിന് പരിക്കേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ രഹസ്യമായി ചികില്‍സ നല്‍കി. സിപിഎം സമ്മര്‍ദ്ദം കാരണം ആദ്യം അറസ്റ്റ് ചെയ്യാന്‍ മടിച്ച പോലിസ് പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഇസ്ഹാഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജ്യോതിഷിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.

    അതേസമയം, ചാക്കാട് എസ് ഡിപിഐ പ്രവര്‍ത്തകന്‍ യു കെ നിഷാദിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് പ്രദേശത്തിന്റെ സമാധാനം തകര്‍ക്കാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് എസ് ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് പ്രസ്താവിച്ചു. നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ വീടുകള്‍ക്ക് നേരെ ബോംബെറിയാന്‍ സിപിഎം പ്രവര്‍ത്തകര്‍ തയ്യാറാവുമ്പോള്‍ അത് രാഷ്ട്രീയമല്ല ക്രിമിനലിസമാണ് വെളിവാകുന്നത്. സമാനമായ രീതിയില്‍ മുമ്പും സിപിഎം ക്രിമിനലുകള്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞിരുന്നു. ഒരു ഭാഗത്ത് നവകേരള സദസ്സ് നടത്തുമ്പോള്‍ മറു ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍ ക്രിമിനലുകളായി മാറി നാട്ടില്‍ അക്രമത്തിന് കോപ്പുകൂട്ടുകയാണ്. മുഖ്യമന്ത്രിയടക്കം കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും ഇരിട്ടിയില്‍ സന്ദര്‍ശിക്കാനിരിക്കുന്ന അടുത്ത ദിവസം തന്നെ ഇത്തരം അക്രമങ്ങള്‍ക്ക് കോപ്പ് കൂട്ടിയത് പാര്‍ട്ടിയിലെ പടലപ്പിണക്കം പുറത്ത് വരുന്നതിനാലാണോയെന്നും സിപിഎം വ്യക്തമാക്കേണ്ടതുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബോംബ് എത്തിച്ചു നല്‍കിയതടക്കമുള്ള സിപിഎം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തുകൊണ്ട് വരണം. നാടിന്റെ സമാധാനം തകര്‍ക്കുന്ന സിപിഎം ക്രിമിനലുകളെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് നടുവനാട്, മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ പി മുഹമ്മദ്, സെക്രട്ടറി കെ മുഹമ്മദലി തുടങ്ങിയവര്‍ ഹാഷിമിന്റെ വീട് സന്ദര്‍ശിച്ചു.

Tags:    

Similar News