വിവാഹ വീട്ടിലെ ബോംബേറ്: ജിഷ്ണുവും പ്രതികളും സജീവ സിപിഎം പ്രവര്‍ത്തര്‍, സംഘം ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മേയര്‍
സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയര്‍ പറഞ്ഞു. ജില്ലയില്‍ ബോംബ് സുലഭമാകുന്നതിനെക്കുറിച്ച് പോലിസ് ഗൗരവ പരിശോധന നടത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ കല്യാണത്തിനിടെ ബോംബ് സ്‌ഫോടനം നടന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍. സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയര്‍ പറഞ്ഞു. ജില്ലയില്‍ ബോംബ് സുലഭമാകുന്നതിനെക്കുറിച്ച് പോലിസ് ഗൗരവ പരിശോധന നടത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
ആ കല്യാണത്തില്‍ ഞാന്‍ പങ്കെടുത്തതാണ്. രാത്രി 10ന് ശേഷമാണ് തര്‍ക്കമുണ്ടായത്. ആ സമയത്ത് നാട്ടുകാര്‍ തന്നെ ഇടപെട്ട് എല്ലാം പറഞ്ഞവസാനിപ്പിച്ചതായിരുന്നു.
പക്ഷെ രാത്രി പോയവര്‍ കാലത്തെ ബോംബുമായാണ് വന്നത്, എറിഞ്ഞ് കൊല്ലുകയാണ്. അന്വേഷിച്ചപ്പോള്‍ ചേലോറയിലെ മൈതാനത്ത് രാത്രി ഒരുമണിക്ക് ബോംബ് സ്‌ഫോടനമുണ്ടായെന്ന് അറിഞ്ഞു. ഇവിടെ കൊണ്ടുവരുന്നതിന് മുമ്പ് അവിടെ എറിഞ്ഞ് പരീക്ഷിച്ചു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. അത്രമാത്രം ആസൂത്രണം ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ തര്‍ക്കത്തെതുടര്‍ന്ന് തൊട്ടടുത്ത ദിവസം ബോംബ് കൊണ്ടുവരാന്‍ പാകത്തിന് ബോംബ് സുലഭമാകുന്ന സാഹചര്യമുണ്ടെന്ന് മോഹനന്‍ പറഞ്ഞു.
സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ജിഷ്ണുവും കേസിലെ പ്രതികളുമെന്നും മേയര്‍ പറഞ്ഞു. ഇവര്‍ ആസൂത്രിതമായി തന്നെയാണ് ഇത് ചെയ്തതെന്നും എല്ലാവര്‍ക്കും ഡ്രസ് കോഡുണ്ടായിരുന്നെന്നും മേയര്‍ ചൂണ്ടിക്കാട്ടി. കേസില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബോംബ് നിര്‍മ്മിച്ച ആള്‍ അടക്കമാണ് പിടിയിലായിരിക്കുന്നത്. റിജുല്‍ സി കെ, സനീഷ്, അക്ഷയ് പി, ജിജില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഏറുപടക്കം വാങ്ങിച്ച് അതിനകത്ത് ഉഗ്ര സ്‌ഫോടക ശേഷിയുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് വലിയ നാടന്‍ ബോംബായി പരുവപ്പെടുത്തിയെടുത്താണ് ബോംബ് ഉണ്ടാക്കിയത്.