ചാലക്കരയില്‍ പോലിസിന് നേരെയും ബോംബേറ്; ചാലക്കരയില്‍ ആര്‍എസ്എസ്സുകാര്‍ വീടാക്രമിച്ചു
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരേതനായ രാജീവന്റെ വീടാണ് സായുധ ആര്‍എസ്എസ് സംഘം തകര്‍ത്തത്.
മാഹി: ചാലക്കര അംബേദ്കര്‍ സ്‌കൂളിനടുത്ത സിപിഎം പ്രവര്‍ത്തകന്റെ വീട് ആര്‍എസ്എസ്സുകാര്‍ തകര്‍ത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരേതനായ രാജീവന്റെ വീടാണ് സായുധ ആര്‍എസ്എസ് സംഘം തകര്‍ത്തത്. ഹാമര്‍, കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി വീടിന്റെ തറയിലെ ടൈല്‍സും ജനല്‍ ചില്ലുകളും അടിച്ചു പൊളിച്ചു.
വീടാക്രമണമറിഞ്ഞെത്തിയ പള്ളൂര്‍ പോലിസിന് നേരെയും ബോംബേറുണ്ടായി. വാഹനത്തിന് മുന്‍പില്‍ വീണാണ് പൊട്ടിയത്. ആര്‍ക്കും പരിക്കില്ല. ഏതാനും പേരെ സംഭവസ്ഥലത്തുനിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ട്. പള്ളൂര്‍ സ്‌റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് സമാധാന യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.