പശ്ചിമ ബംഗാളിലെ രണ്ടു ജില്ലകളില്‍ 78 ബോംബുകള്‍ കണ്ടെത്തി; എട്ടുപേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം ഭട്ട്പാരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു

Update: 2019-06-25 08:06 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാന, പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ 78 ബോംബുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പര്‍ഗാനയിലെ ഭട്ട്പര പ്രദേശത്തു നിന്ന് 60 ബോംബുകളും പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലയിലെ ദുര്‍ഗാപുര്‍ നഗരത്തിനടുത്തുള്ള കന്ദേശ്വറില്‍ നിന്ന് 18 ബോംബുകളുമാണ് പിടിച്ചെടുത്തത്. സംഭവ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ബോംബുകള്‍ ജനവാസമില്ലാത്ത പ്രദേശത്തേക്ക് മാറ്റുകയും നിര്‍വീര്യമാക്കുകയും ചെയ്തു. ബോംബ് നിര്‍മിച്ചവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലിസ്. കഴിഞ്ഞ ദിവസം ഭട്ട്പാരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.


Tags:    

Similar News