'ബീമാപ്പള്ളി പോലിസ് വെടിവയ്പ്: മറക്കുന്നതും ഓര്‍ക്കുന്നതും'; 'മാലികി'ന്റെ യഥാര്‍ത്ഥ വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടി ഒരു പുസ്തകം
ബീമാപ്പള്ളി തീരത്ത് പൊലിഞ്ഞുപോയ ആറുപേരുടെ മൃതദേഹങ്ങള്‍ കൃത്യമായി അടക്കം ചെയ്തുവെങ്കിലും ഒരു പറ്റം മനുഷ്യരെ നിര്‍ദാക്ഷിണ്യം വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ട കേരള പോലിസിനും ഇടതുപക്ഷ ഭരണകൂടത്തിനും നേരെ ചോദ്യശരങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ പുസ്തകവും അതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും.
-പി എച്ച് അഫ്‌സല്‍
കോഴിക്കോട്: ഇടതുപക്ഷ ഭരണകൂടവും പോലിസും മലയാളി പൊതു ബോധവും ഒരു ജനതയോട് ചെയ്ത ക്രൂരതയുടെ ഉദാഹരണമാണ് ബിമാപ്പളളി വെടിവയ്പ്പ്. 2009 മെയ് 16ന് ഭരണ സിരാകേന്ദ്രത്തിന് സമീപമുള്ള ബീമാപ്പള്ളിയില്‍ പോലിസ് വെടിവയ്്പ്പില്‍ ആറ് നിരപരാധികളായ മുസ് ലിംകളുടെ ജീവനാണ് പൊലിഞ്ഞത്.
അമ്പതോളം പേര്‍ക്ക് പോലിസിന്റെ വെടിയേറ്റു. അതില്‍ പലരും തൊഴിലെടുക്കാന്‍ പോലും കഴിയാതെ അംഗവൈകല്യം ബാധിച്ച് ഇപ്പോഴും ബീമാപ്പള്ളിയിലെ കടപ്പുറത്ത് ജീവിക്കുന്നു. ബീമാപ്പള്ളിയില്‍ നടന്ന ഭീകരമായ വെടിവയ്പ്പിനെതിരേ നീഗൂഢമായ മൗനം പാലിച്ച സമൂഹം തന്നെ ഇന്ന് 'മാലിക്' എന്ന സിനിമയിലൂടെ അവര്‍ക്കെതിരേ വീണ്ടും വെടിയുതിര്‍ത്തിരിക്കുകയാണ്. ബീമാപ്പള്ളിയിലെ പാവപ്പെട്ട മനുഷ്യരെ ഭീകരവാദികളും കള്ളക്കടത്തുകാരുമായി ചിത്രീകരിച്ച് പോലിസ് വെടിവയ്പ്പിനെ വെള്ളപൂശുന്നതാണ് 'മാലിക്' എന്ന സിനിമയെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 'മാലിക്' ഉയര്‍ത്തി വിട്ട ചര്‍ച്ച ബീമാപ്പള്ളി വെടിവയ്പ്പിന്റെ യഥാര്‍ത്ഥ ചരിത്രവും വസ്തുതകളും ചര്‍ച്ചയാകാനും സഹായിച്ചു.
'ബീമാപ്പള്ളി പോലിസ് വെടിവയ്പ്: ഓര്‍ക്കുന്നതും മറക്കുന്നതും' എന്ന പുസ്തകം അത്തരമൊരു സമ്മതി നിര്‍മാണത്തെ ചോദ്യം ചെയ്യുന്ന ചരിത്രരേഖയാണ്. ബീമാപ്പള്ളി തീരത്ത് പൊലിഞ്ഞുപോയ ആറുപേരുടെ മൃതദേഹങ്ങള്‍ കൃത്യമായി അടക്കം ചെയ്തുവെങ്കിലും ഒരു പറ്റം മനുഷ്യരെ നിര്‍ദാക്ഷിണ്യം വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ട കേരള പോലിസിനും ഇടതുപക്ഷ ഭരണകൂടത്തിനും നേരെ ചോദ്യശരങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ പുസ്തകവും അതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും.
കെ അഷ്‌റഫ് എഡിറ്റ് ചെയ്ത് തേജസ് പബ്ലിക്കേഷന്‍സ് 2012 മാര്‍ച്ച് എട്ടിന് പുറത്തിറക്കിയ പുസ്തകത്തില്‍ എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. എം എസ് ജയപ്രകാശ്, പ്രഫ. എ മാര്‍ക്‌സ്, ജി സുകുമാരന്‍, എ വാസു, മാഗ്ലിന്‍ പീറ്റര്‍, റെനി ഐലിന്‍, പി എഹ് മദ് ശരീഫ്, എ ഇബ്രാഹീംകുട്ടി എന്നിവരായിരുന്നു എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍. വെടിവയ്പ് നടന്ന സ്ഥലങ്ങള്‍, ചെറിയ തുറ അസംപ്ഷന്‍ ചര്‍ച്ച്, ബീമാപ്പള്ളി ജാമഅത്ത്, കൊല്ലപ്പെട്ടവരുടെ വീടുകള്‍, മെഡിക്കല്‍ കോളജ് ആശുപത്രി, വലിയതുറ പോലിസ് സ്‌റ്റേഷന്‍, പൂന്തുറ പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചാണ് എന്‍സിഎച്ച്ആര്‍ഒ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബിആര്‍പി ഭാസ്‌കര്‍, അഡ്വ. പി ചന്ദ്രശേഖര്‍, അഡ്വ. പി എ പൗരന്‍, അഡ്വ. പി കെ ഇബ്രാഹിം, അഡ്വ. എംപിഎം അസ് ലം, ജേക്കബ് വി ലാസര്‍, ആര്‍ അജയന്‍, അഡ്വ. എം മുഹസ്സിന്‍, ടി കെ വിനോദന്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, ആര്‍ ഗീത എന്നിവരടങ്ങിയതാണ് പിയുസിഎല്‍ വസ്താന്വേഷണ സംഘം. ഈ രണ്ട് വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളും ബീമാപ്പള്ളി വെടിവയ്പ്പിന്റെ സമഗ്രമായ ചിത്രം പകര്‍ന്ന് നല്‍കുന്നതാണ്.
ബീമാപ്പള്ളി വെടിവയ്പ്: മലയാള സിനിമയ മുന്‍നിര്‍ത്തി ഒരന്വേഷണം, വിശകലനങ്ങള്‍, ലേഖനങ്ങള്‍, ഫീല്‍ഡ് നോട്ട്‌സ്, ബീമാപ്പള്ളിയും പോലിസും കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങി ബീമാപ്പള്ളി പോലിസ് വെടിവയ്പ്പിന്റെ വ്യക്തമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകം.