പബ്ജി കളിയെ ചൊല്ലി തര്‍ക്കം; 13കാരന്‍ കൊല്ലപ്പെട്ടു; കൗമാരക്കാരന്‍ പിടിയില്‍
സംഭവം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
മംഗളൂരു: കഴിഞ്ഞ ദിവസം വീട്ടില്‍നിന്നു കാണാതായ 13 വയസ്സുകാരനെ ഞായറാഴ്ച പുലര്‍ച്ചെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാളെ അറസ്റ്റ് ചെയ്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പബ്ജി കളിയെചൊല്ലിയുണ്ടായ തര്‍ക്കമാണ് അകീഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അക്കീഫ് എല്ലായ്‌പ്പോഴും പബ്ജി ഗെയിമുകള്‍ കളിക്കാറുണ്ടെന്നും പതിവായി വിജയിക്കുമായിരുന്നുവെന്നും പോലിസ് പറഞ്ഞു.
ഒരു മൊബൈല്‍ സ്‌റ്റോര്‍ സന്ദര്‍ശിക്കുന്നതിനിടെ അക്കീഫ് അയല്‍വാസിയായ കൗമാരക്കാരനെ കാണുകയും അവര്‍ പബ്ജി കളിയില്‍ ഏര്‍പ്പെടുകയും ചെയ്തു. അക്കീഫ് തുടര്‍ച്ചയായി കളികള്‍ ജയിച്ചതോടെ മറ്റേ കുട്ടി അക്കീഫിന് വേണ്ടി മറ്റാരെങ്കിലും കളിക്കുന്നുണ്ടെന്ന് സംശയം ഉയര്‍ത്തുകയും ഒരുമിച്ച് ഇരുന്ന് കളിക്കാന്‍ അകീഫിനെ വെല്ലുവിളിക്കുകയും ചെയ്തു.
തുടര്‍ന്ന് അകീഫ് ഇക്കാര്യം സമ്മതിക്കുകയും ശനിയാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്നു കളിച്ചു. കളിയില്‍ അകീഫ് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ അക്കീഫ് മറ്റേ കുട്ടിയെ കല്ലെടുത്ത് എറിഞ്ഞു. ഇതില്‍ ക്ഷുഭിതനായ രണ്ടാമന്‍ അകീഫിനെ വലിയ കല്ലുകൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ അകീഫ് ബോധരഹിതനായി.
തുടര്‍ന്ന് പരിഭ്രാന്തനായ മറ്റേകുട്ടി വാഴയിലയും ചകിരിയും ഉപയോഗിച്ച് ശരീരം മൂടി സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ച് വരികയാണ്.
സംഭവം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.