'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് ബാലനെ മര്‍ദ്ദിച്ചു; ബജ്‌റംഗ്ദള്‍ നേതാവിനെതിരേ കേസ്
മംഗളൂരു: 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് ബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബജ്‌റംഗ്ദള്‍ നേതാവിനും പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ 25 കാരനായ പ്രാദേശിക ബജ്‌റംഗ്ദള്‍ നേതാവ് കന്യാനയിലെ ദിനേശ്, പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആണ്‍കുട്ടികള്‍ എന്നിവര്‍ക്കെതിരേയാണ് വിറ്റല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുറച്ചുമുമ്പ് ബണ്ട്വാള്‍ താലൂക്കിലാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടാമുഗെരു ഗ്രാമത്തില്‍ നിന്നുള്ള കുട്ടിയെ സ്‌കൂള്‍ മൈതാനത്ത് വച്ചാണ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് നാലുപേരും പോക്കറ്റില്‍ നിന്ന് പണം മോഷ്ടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നുണ്ട്.