ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകം; വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് എന്‍ഐഎ
ബെംഗളൂരു; ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ട സംഭവം ഹിജാബ് നിരോധനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ലോക്കല്‍ പോലിസിന്റെ പക്കലുള്ള തെളിവുകളും രേഖകളും കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥര്‍. വര്‍ഗീയ സംഘകര്‍ഷം ഉണ്ടാക്കിയെടുക്കാനാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്ന നിഗമനം എന്‍ഐഎ അവരുടെ എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
സമൂഹത്തിലെ സമാധാനവും സുരക്ഷയും ഇല്ലാതാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും എന്‍ഐഎ ആരോപിക്കുന്നുണ്ട്.
കൊലയ്ക്കുപിന്നില്‍ ഇതുപോലൊരു കാരണമുണ്ടെന്ന് ആഭ്യന്തര മന്ത്രിയും അവകാശപ്പെട്ടു. വ്യക്തിപരമായ കാരണമല്ല കൊലയ്ക്കുപിന്നിലെന്ന് ബിജെപി എംഎല്‍എ സി ടി രവിയും പറഞ്ഞു.
ഫെബ്രുവരി 20നാണ് ബജ്‌റംഗ്ദള്‍ നേതാവായ ഹര്‍ഷ നാഗരാജ് കൊല്ലപ്പെട്ടത്. ഇയാള്‍ ഹര്‍ഷ ഹിന്ദു എന്ന പേരിലും അറിയപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലിസ് മാര്‍ച്ച് 2ന് പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തുകയും ചെയ്തു. ഇയാളുടെ മരണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് കര്‍ണാടക പോലിസിന്റെ വാദം. കൊലപാതകത്തെ ഹിജാബ് വിവാദമായി ബന്ധപ്പെടുത്താനും തുടക്കം മുതല്‍ പോലിസ് ശ്രമിച്ചിരുന്നു.
അതേസമയം ഹിജാബ് നിരോധനത്തിനെതിരേ നടക്കുന്ന സമരവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് ആഭ്യന്തര മന്ത്രി അതില്‍ തിരുത്തല്‍ വരുത്തി. ഫെബ്രുവരി 20ന് രാത്രി 9 മണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ ദിവസങ്ങളോളം നിരോധനാജ്ഞയായിരുന്നു. നിരവധി അക്രമസംഭവങ്ങളും നടന്നു.