രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണെന്നും അതിന് ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും നായര്‍ സര്‍വിസ് സൊസൈറ്റി(എന്‍എസ്എസ്) ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാന്‍. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപ്പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചതിനു പിന്നാലെയാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം. എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയോ അല്ല എന്‍എസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണഘട്ടം മുതല്‍ എന്‍എസ്എസ് ഇതിനോട് സഹകരിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.