ഹോം സ്‌റ്റേ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി; പഞ്ചായത്ത് സെക്ഷന്‍ ക്ലര്‍ക്ക് പിടിയില്‍

കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് എം ശ്രീകുമാറാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായത്.

Update: 2022-03-24 01:15 GMT

തിരുവനന്തപുരം: ഹോം സ്‌റ്റേ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കൈകൂലി വാങ്ങിയ പഞ്ചായത്ത് ഓഫിസ് സെക്ഷന്‍ ക്ലര്‍ക്ക് വിജിലന്‍സ് പിടിയില്‍. കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് എം ശ്രീകുമാറാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായത്.

കല്ലിയൂര്‍ സ്വദ്ദേശിയായ സുരേഷ് വിഴിഞ്ഞം ആഴിമല ഭാഗത്ത് ചന്ദ്രന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ രണ്ടു നിലകള്‍ വാടകയ്ക്ക് എടുത്ത് ഹോം സ്‌റ്റേ തുടങ്ങുന്നതിലേയ്ക്ക് കോട്ടുകാല്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും 2019ല്‍ ലൈസന്‍സ് വാങ്ങിയിരുന്നു. എന്നാല്‍, കൊവിഡ് കാലമായിരുന്നതിനാല്‍ ഹോം സ്‌റ്റേ ആരംഭിക്കാന്‍ സാധിച്ചില്ല.

ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കുന്നതിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് അടുത്ത ദിവസം കെട്ടിടം പരിശോധന നടത്താന്‍ എത്തിയ സെക്ഷന്‍ ക്ലാര്‍ക്ക് എം ശ്രീകുമാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് 25000 രൂപ ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10000 രൂപ ഉടന്‍ നല്‍കണമെന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് പരാതിക്കാരനായ സുരേഷ് ഇക്കാര്യം വിജിലന്‍സിന്റെ തിരുവനന്തപുരം സതേണ്‍ റേഞ്ച് പൊലിസ് സൂപ്രണ്ട് ആര്‍ ജയശങ്കറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം സതേണ്‍ റേഞ്ച് ഡിവൈഎസ്പി അനില്‍ കെണിയൊരുക്കി ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെ കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറില്‍ വച്ച് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വിജയരാഘവന്‍, ശ്രീകുമാര്‍, വിനേഷ് കുമാര്‍ സബ്ഇന്‍സ്‌പെക്ടര്‍മാരായ ഖാദര്‍, ഗോപാലകൃഷ്ണന്‍, ഗോപകുമാര്‍,ശശികുമാര്‍, രാജേഷ് സിപിഒമാരായ കണ്ണന്‍, സിജി മോന്‍, ബിജു തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌

Tags:    

Similar News