കനത്ത മഴയും വെള്ളപ്പൊക്കവും, മധ്യപ്രദേശില്‍ വ്യാപകനാശം; പാലങ്ങള്‍ ഒഴുകിപ്പോയി, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Update: 2021-08-04 05:25 GMT

ഭോപാല്‍: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപക നാശനഷ്ടങ്ങള്‍. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. മഴക്കെടുതിയുടെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നദി കരകവിഞ്ഞൊഴുകിയതിന് പിന്നാലെ രണ്ട് പാലങ്ങള്‍ തകര്‍ന്ന് വീഴുകയാണ് ചെയ്യുന്നത്. മണികേദ ഡാമില്‍നിന്ന് തുറന്നുവിട്ട വെള്ളം നദിയിലേക്ക് ഒഴുകുകയും ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ട് പാലങ്ങള്‍ പൂര്‍ണമായും തകര്‍ന്ന് വീഴുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഡാത്തിയ ജില്ലയിലാണ് സംഭവം.

ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നുവിടുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2009ല്‍ നിര്‍മിച്ച ഈ പാലങ്ങള്‍ ജില്ലയെ രതന്‍ഗഡ് നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. ഇതേ പാലത്തിലെ തിക്കിലും തിരക്കിലുംപെട്ട് 2013ല്‍ 115 തീര്‍ത്ഥാടകര്‍ മരണപ്പെട്ടിരുന്നു. നഗരത്തിലെ ദുര്‍ഗാക്ഷേത്ര ദര്‍ശനത്തിനെത്തിയവരായിരുന്നു അത്. സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ ഗ്വാളിയര്‍- ചമ്പല്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശിവപുരി, ഷിയോപൂര്‍, ഗുണ, മറ്റ് രണ്ട് ജില്ലകള്‍ എന്നിവയ്ക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിന് സഹായം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു. മധ്യപ്രദേശിലെ വെള്ളപ്പൊക്കത്തെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സ്ഥിതി കൂടുതല്‍ വഷളായതിനാല്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം വിട്ടുനല്‍കുന്നതിനെക്കുറിച്ചും അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News