'മതിലുകള്‍ അല്ല, പാലങ്ങള്‍ പണിയൂ'; കര്‍ഷകര്‍ക്കെതിരേ കേന്ദ്ര നീക്കത്തിനെതിരേ ആണികളും ബാരിക്കേഡുകളും ഉള്ള ചിത്രങ്ങളുമായി രാഹുല്‍
കേന്ദ്രസര്‍ക്കാര്‍ മതിലുകളല്ല, പാലങ്ങളാണ് നിര്‍മിക്കേണ്ടതെന്ന് ആണികളും മുള്ളുകമ്പികളും നിറച്ച ബാരിക്കേഡുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ നേരിടാന്‍ കടുത്ത സന്നാഹങ്ങളൊരുക്കി മുന്നോട്ട് പോവുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ മതിലുകളല്ല, പാലങ്ങളാണ് നിര്‍മിക്കേണ്ടതെന്ന് ആണികളും മുള്ളുകമ്പികളും നിറച്ച ബാരിക്കേഡുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമണത്തിന് പിന്നാലെ സമരത്തെ നേരിടാന്‍ ശക്തമായ നടപടികളിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധം നേരിടാന്‍ പോലിസ് കടുത്ത നടപടികളാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മുള്ളുകമ്പികള്‍ ഉള്‍പ്പെടെ എത്തിച്ചത്. സാധാരണ രീതിയിലുള്ള റേസര്‍ വയര്‍ അല്ലിത്. കണ്‍സേര്‍ട്ടിന വയര്‍ എന്നറിയപ്പെടുന്ന ഇവയുടെ വശങ്ങളില്‍ മൂര്‍ച്ചയേറിയ ബ്ലേഡുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ കമ്പി മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗുരുതര പരുക്ക് ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. സാധാരണ റേസര്‍ വയറിന് കൃത്യമായ ഇടവേളകളില്‍ കൂര്‍ത്ത മുനകള്‍ ഉണ്ടെങ്കിലും ഗുരുതര പരുക്ക് ഏല്‍ക്കാനുള്ള സാധ്യത കുറവാണ്.
ഗാസിപുര്‍ - മീററ്റ് ദേശീയപാത വഴി ഡല്‍ഹിയിലേക്കു പ്രതിഷേധക്കാര്‍ കടക്കാതിരിക്കാന്‍ യുപിയുമായുള്ള അതിര്‍ത്തിയില്‍ നാലു ലെയര്‍ മഞ്ഞ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയോരോന്നിനു മുകളിലും കണ്‍സേര്‍ട്ടിന വയറാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി - ഹരിയാന അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ ദേശീയ പാതയില്‍ രണ്ടു റോ സിമന്റ് നിര്‍മിത ബാരിയറാണ് വച്ചിരിക്കുന്നത്. ഇതിനിടയ്ക്ക് ഇരുമ്പ് റോഡുകളും ഘടിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ സിമന്റ് കൊണ്ട് മതില്‍ വരെ റോഡില്‍ നിര്‍മിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കേന്ദ്ര നടപടിയെ വിമര്‍ശിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി യുദ്ധം ചെയ്യുകയാണോയെന്ന് നിരനിരയായി നിരത്തിയ ബാരിക്കേഡും അതിന് പിന്നില്‍ നിലയുറപ്പിച്ച നൂറുകണക്കിന് പോലിസുകാരുടെയും വീഡിയോ പങ്കുവച്ച് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.