ഖബറടക്കത്തിനു തൊട്ടുമുമ്പ് പരാതിയുമായി സഹോദരന്‍; യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും

Update: 2023-11-24 09:04 GMT

പരപ്പനങ്ങാടി: ഖബറടക്കത്തിനു തൊട്ടുമുമ്പ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതിയുമായി സഹോദരനെത്തിയതോടെ യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനം. പരപ്പനങ്ങാടി പനയത്ത് പള്ളിക്കു സമീപം പട്ടണത്ത് സക്കീറിന്റെ മൃതദേഹമാണ് സഹോദരന്‍ ഫൈസലിന്റെ പരാതിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിര്‍ദേശിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കേറ്റ് ചികില്‍സയിലിരിക്കയാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി സക്കീര്‍ മരണപ്പെട്ടത്. ഇന്ന് രാവിലെ 11നു മൃതദേഹം പനയത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ ബന്ധുക്കളും മറ്റും നില്‍ക്കുന്നതിനിടെയാണ് പരപ്പനങ്ങാടി പോലിസില്‍ സഹോദരന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഖബറടക്ക നടപടികള്‍ നിര്‍ത്തിവച്ച് പോസ്റ്റ്‌മോര്‍ട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. മരണപ്പെട്ട സക്കീറിന്റെ ഭാര്യാ പിതാവ് ആഴ്ചകള്‍ക്ക് മുമ്പ് തീവണ്ടി തട്ടി മരണപ്പെട്ടിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍ രംഗത്തെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഖബറടക്കും.

Tags:    

Similar News