മൊബൈലിലൂടെ കൂട്ട കോപ്പിയടി; റദ്ദാക്കിയ ബിടെക്ക് പരീക്ഷ നവംബര്‍ അഞ്ചിന്

ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി.

Update: 2020-10-24 18:43 GMT

തിരുവനന്തപുരം: കൂട്ടക്കോപ്പിയടി മൂലം റദ്ദാക്കിയ ബിടെക് പരീക്ഷ നവംബര്‍ അഞ്ചിന് നടത്തും. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി വിദ്യാര്‍ത്ഥികള്‍ കൂട്ടക്കോപ്പിയടിയടിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി.

എന്‍എസ്എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എംഇഎസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളജുകളിലായിരുന്നു ക്രമക്കേട്. കോളേജ് അധികൃതര്‍ തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പരീക്ഷാ ഹാളിലേക്ക് ഒളിച്ച് കടത്തിയ മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പുറത്തേക്ക് അയച്ചായിരുന്നു തട്ടിപ്പ്. ഉത്തരങ്ങള്‍ എക്‌സാം എന്നതടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറുകയായിരുന്നു.

പുറത്ത് നിന്നുള്ളവരാണ് ഉത്തരങ്ങള്‍ അയച്ചുനല്‍കിയത്. നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മുതലെടുത്തായിരുന്നു കോപ്പിയടി. കോപ്പിയടി ശ്രദ്ധയില്‍പ്പെട്ടതോടെ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുത്തത്.


Tags:    

Similar News