കേന്ദ്ര ബജറ്റ് 2019: ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചു
കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് 2451 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 2,362 കോടിയായി കുറച്ചു. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുക 1,296 കോടിയില്‍ നിന്ന് 1,200 കോടിയായും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് തുക 500 കോടിയില്‍ നിന്ന് 496 കോടിയായുമാണ് കുറച്ചത്.
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീ മെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള തുക കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് 2451 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 2,362 കോടിയായി കുറച്ചു. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുക 1,296 കോടിയില്‍ നിന്ന് 1,200 കോടിയായും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് തുക 500 കോടിയില്‍ നിന്ന് 496 കോടിയായുമാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷം ഹജ്ജ് സബ്‌സിഡി എടുത്ത് കളയുന്നത് പ്രഖ്യാപിക്കുന്ന വേളയില്‍ ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നല്‍കിയ വാഗ്ദാനം പാടേ നിരാകരിക്കുന്നതാണ് തീരുമാനം. ഹജ്ജ് സബ്‌സിഡിക്ക് ഉപയോഗിക്കുന്ന തുക മുസ്ലിംകളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.
അതേ സമയം, യുപിഎസ്‌സി പരീക്ഷയെഴുതുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമോ സബ്്‌സിഡിയോട് കൂടിയതോ ആയ കോച്ചിങ് നല്‍കുന്നതിനുള്ള തുക 8 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായാണ് വര്‍ധിപ്പിച്ചത്. യുപിഎസ്‌സി, എസ്എസ്‌സി, സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ തുടങ്ങിയ പരീക്ഷ എഴുതുന്നവര്‍ക്കുള്ള കോച്ചിങിനായാണ് ഈ തുക വിനിയോഗിക്കുക.
അതേ സമയം, സ്‌കോളര്‍ഷിപ്പ് തുക ചെറിയ തോതില്‍ മാത്രമേ കുറച്ചിട്ടുള്ളുവെന്നും അത് മറ്റ് പദ്ധതികളില്‍ വിനിയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുളള നാലു വര്‍ഷം വിതരണം ചെയ്ത ന്യനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പില്‍ വന്‍ കുറവ് വന്നതായി വിവരാവകാശ രേഖ പ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാനും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ മൂന്ന് സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടും അനുവദിച്ചത് വളരെ കുറച്ച് സ്‌കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പ്രിമെട്രിക് വിഭാഗത്തില്‍ 2013-14 വര്‍ഷത്തില്‍ 77 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്ത സ്ഥാനത്ത് 2017ല്‍ വിതരണം ചെയ്തത് 44 ലക്ഷം സ്‌കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. 96,50,248 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചെങ്കിലും 44,74,452 പേര്‍ക്ക് മാത്രമാണ് ലഭിച്ചത്.
പ്രിമെട്രിക് വിഭാഗത്തില്‍ സ്‌കോളര്‍ഷിപ്പിനായി 2017ല്‍ അപേക്ഷിച്ചത് 17 ലക്ഷം വിദ്യാര്‍ത്ഥികളാണ്, ലഭിച്ചതാകട്ടെ 6,06,282 വിദ്യാര്‍ത്ഥികള്‍ക്കും. മോദി അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പുളള വര്‍ഷത്തില്‍ (2013-14) 13 ലക്ഷം കുട്ടികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. ഇതില്‍ 8,90,467 കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.