കെട്ടിടചട്ടങ്ങള്‍ ഭേദഗതി ചെയ്തു; റോഡും കെട്ടിടങ്ങളും തമ്മിലുള്ള ദൂരപരിധി രണ്ട് മീറ്ററാക്കി
അപായസാധ്യത കുറഞ്ഞ കെട്ടിടങ്ങളുടെ റോഡ് അതിര്‍ത്തിയും കെട്ടിടവും തമ്മില്‍ കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. എന്നാല്‍, ഇത് ക്രമവല്‍ക്കരിക്കാന്‍ ചട്ടത്തില്‍ അനുശാസിക്കുംവിധം അധികമായി കോംപൗണ്ടിങ് ഫീസ് അടക്കണം. ഭാവിയില്‍ കെട്ടിടം പൂര്‍ണമായോ ഭാഗികമായോ ഏറ്റെടുക്കുന്ന സമയത്ത്, കെട്ടിട ഉടമ ക്രമവത്കരിച്ച കെട്ടിടത്തിനായി നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്ന തരത്തില്‍ കെട്ടിട ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും തമ്മില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണം. അങ്ങനെയെങ്കില്‍ റോഡ് അതിര്‍ത്തിയും കെട്ടിടവും തമ്മിലെ അകലത്തിലെ കുറവില്‍ ഒരു മീറ്റര്‍ വരെ ഇളവ് അനുവദിക്കാമെന്നും പുതുക്കിയ ചട്ടത്തില്‍ വ്യക്തമാക്കുന്നു. അപായസാധ്യത കുറഞ്ഞ കെട്ടിടങ്ങള്‍(ലോ റിസ്‌ക് ബില്‍ഡിങ്) ഏഴ് മീറ്ററില്‍ കുറവ് ഉയരമുള്ളതും രണ്ട് നില വരെ പരിമിതപ്പെടുത്തിയതും 300 ചതുരശ്ര മീറ്ററില്‍ കുറവായതുമായ വിസ്തൃതിയുള്ള വാസഗൃഹങ്ങള്‍. 200 ചതുരശ്ര മീറ്ററില്‍ കുറവായ ഹോസ്റ്റല്‍, ഓര്‍ഫനേജ്, ഡോര്‍മിറ്ററി, ഓള്‍ഡ് ഏജ് ഹോം, സെമിനാരി, വിദ്യാഭ്യാസ കെട്ടിടങ്ങള്‍, മതപരവും ദേശസ്‌നേഹപരമവുമായ ആവശ്യങ്ങള്‍ക്കായി സമ്മേളിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ. ചട്ടങ്ങള്‍ക്ക് നിയമം മറികടക്കാനാവില്ല. ദേശീയപാതയോടോ സംസ്ഥാന ഹൈവേയോടോ ജില്ല റോഡുകളോടോ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും റോഡുകളോടോ ചേര്‍ന്ന് കിടക്കുന്ന ഏതെങ്കിലും ഭൂമിയുടെ അതിരില്‍നിന്ന് മൂന്ന് മീറ്ററിനുള്ളില്‍ ഏതെങ്കിലും കെട്ടിടമോ ചുറ്റുമതിലല്ലാത്ത ഏതെങ്കിലും നിര്‍മാണമോ പാടില്ലെന്നാണ് 1994ലെ കേരള പഞ്ചായത്തീരാജ് ആക്ട് 220 ബിയില്‍ പറയുന്നത്. അത് മാറ്റിയാണ് ഇപ്പോള്‍ രണ്ട് മീറ്ററാക്കിയത്.