രാമവിഗ്രഹ റാലിക്കിടെ ഹിന്ദുത്വരുടെ കലാപനീക്കം ചെറുത്ത മുംബൈയില്‍ ബുള്‍ഡോസര്‍ രാജ്

Update: 2024-01-23 14:26 GMT

മുംബൈ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിഗ്രഹഘോഷയാത്രയോടനുബന്ധിച്ച് കലാപനീക്കം നടത്തിയ ഹിന്ദുത്വരെ ചെറുത്ത മുംബൈയില്‍ ബുള്‍ഡോസര്‍ രാജുമായി സര്‍ക്കാര്‍. മുംബൈയിലെ മീരാ റോഡിലാണ് പോലിസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്. അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് ഇടിച്ചുനിരത്തിയത്. പ്രദേശത്തെ 15 'നിയമവിരുദ്ധ' സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പോലിസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച ഉച്ചകഴിഞ്ഞുമാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെ മീരാ റോഡിലെ നയാ നഗര്‍ മേഖലയിലൂടെ ശ്രീരാം ശോഭ യാത്ര കടന്നുപോവുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. 15ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലിസ് സ്ഥലത്തെത്തിയതിനാലാണ് വന്‍ സംഘര്‍ഷം ഒഴിവായത്.



സംഭവത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇടപെടുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വന്‍ പോലിസ് സന്നാഹത്തോടെയെത്തിയ ഉദ്യോഗസ്ഥര്‍ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. നേരത്തേ യുപിയിലും അസമിലും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറ്റാരോപിതരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിനു സമാനമായ രീതിയിലാണ് മുംബൈയിലും നടപടിയുണ്ടായത്.

Tags:    

Similar News