ഫയലുകള്‍ കത്തിച്ചാലൊന്നും താങ്കള്‍ രക്ഷപ്പെടില്ല: മോദിക്കെതിരേ രാഹുലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രിഭവനില്‍ നടന്ന തീപ്പിടുത്തത്തില്‍ മോദിക്കെതിരേ ട്വീറ്റുമായി രാഹുല്‍ ഗാന്ധി. ഫയലുകള്‍ കത്തിച്ച് കളഞ്ഞത് കൊണ്ട് താങ്കള്‍ രക്ഷപ്പെടില്ലെന്നും അന്ത്യ വിധിയുടെ ദിനം അടുത്തു കഴിഞ്ഞെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്. നിരവധി സര്‍ക്കാര്‍ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണ് ശാസ്ത്രി ഭവന്‍. ശാസ്ത്രി ഭവനിന്റെ ഏഴാം നിലയില്‍ ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. മാനവവിഭവശേഷി മന്ത്രാലയവും വാര്‍ത്താവിതരണ മന്ത്രാലയവും അടക്കം പ്രവര്‍ത്തിക്കുന്നത് ശാസ്ത്രി ഭവനിലാണ്. ഏഴ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.