കോഴിക്കോട് വ്യവസായിയെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു
കുന്ദമംഗലം പതിമംഗലം സ്വദേശി അബ്ദുല്‍ കരീമിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായി ഭാര്യ പരാതി നല്‍കിയത്. സംഘം 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
കോഴിക്കോട്: കുന്ദമംഗലത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കുന്ദമംഗലം പതിമംഗലം സ്വദേശി അബ്ദുല്‍ കരീമിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായി ഭാര്യ പരാതി നല്‍കിയത്. സംഘം 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു കരീം. പിന്നീട് വൈകീട്ടാണ് സ്വന്തം ഫോണില്‍നിന്ന് വിളിച്ചത്. തന്നെ ചിലര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായും ഫോണില്‍ അറിയിച്ചു. ഇതിനു പിറകെ ഫോണ്‍ സ്വിച്ച്ഓഫ് ആകുകയും ചെയ്തു. പിന്നീട് മറ്റു രണ്ടു നമ്പറുകളില്‍നിന്ന് കരീം കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അപ്പോഴും മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ചെയ്തത്.
സംഭവത്തില്‍ കുന്ദമംഗലം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അബ്ദുല്‍ കരീം സഞ്ചരിച്ചെന്നു കരുതപ്പെടുന്ന വാഹനം കാരന്തൂരില്‍നിന്ന് കണ്ടെടുത്തു. തട്ടിക്കൊണ്ടുപോവലിനു പിന്നില്‍ എന്താണെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് കുന്ദമംഗലം സിഐ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേപോലെ തൂണേരിയില്‍ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെ പ്രവാസി വ്യവസായിയെ വാഹനത്തിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സള്‍ഫര്‍ കെമിക്കല്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറായ മേക്കര താഴെക്കുനി എം ടി കെ. അഹമ്മദിനെയാണ് (52) അന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.