മമത ബാനര്‍ജിക്ക് ആശ്വാസം: ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിയായി തുടരാന്‍, ടിഎംസി മേധാവി നവംബര്‍ 4നകം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടും.

Update: 2021-09-28 15:45 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ആശ്വാസം. സെപ്റ്റംബര്‍ 30 ന് നടക്കാനിരിക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി വിസമ്മതിച്ചു. മുഖ്യമന്ത്രിയായി തുടരാന്‍, ടിഎംസി മേധാവി നവംബര്‍ 4നകം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടും.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഭവാനി പൂരില്‍ മത്സരിക്കുന്നത്. ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍ഗണന നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്.

തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രക്രിയയില്‍ ഇടപെടാന്‍ ബാനര്‍ജി അനാവശ്യമായ സ്വാധീനം ചെലുത്തിയെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ഭവാനിപൂര്‍, സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 3ന് നടക്കും. ഉത്തരവ് പ്രകാരം, തിരഞ്ഞെടുപ്പ് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതിന് ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരേ പ്രതികൂല പരാമര്‍ശങ്ങള്‍ ഹൈക്കോടതി പാസാക്കുകയും കേസ് നവംബര്‍ 9ലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം, 2011, 2016 വര്‍ഷങ്ങളില്‍ മമത ബാനര്‍ജി വിജയിച്ച മണ്ഡലമായിരുന്നു ഭവാനിപൂര്‍. എന്നാല്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരി മത്സരിക്കുന്നതുകൊണ്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായി മമത അവിടെ മത്സരിക്കുകയായിരുന്നു. എന്നാല്‍ സുവേന്ദു അധികാരിയാണ് വിജയിച്ചത്. 2000ന് അടുത്ത വോട്ടുകള്‍ക്കാണ് മമത പരാജയപ്പെട്ടത്. തുടര്‍ന്ന് ഭവാനിപൂരില്‍ നിന്ന് നേരത്തെ ജയിച്ച കൃഷി മന്ത്രി സോവന്ദേബ് ചതോപാധ്യായ രാജിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

അതേസമയം, നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് മമത ബാനര്‍ജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം, മമത ബാനര്‍ജിയും ധനമന്ത്രി അമിത് മിത്രയും മാത്രമാണ് ബംഗാള്‍ കൗണ്‍സില്‍ ഓഫ് മന്ത്രിമാരില്‍ എംഎല്‍എമാര്‍ അല്ലാത്തവര്‍. ഇത്തവണ മമതയുടെ ബിജെപി എതിരാളി പ്രിയങ്ക തിബ്രേവാള്‍ ആണ്. അവര്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്റലിയില്‍ നിന്ന് പരാജയപ്പെട്ടിരുന്നു, കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക കൂടിയാണ് പ്രിയങ്ക.

Tags:    

Similar News