സിഎഎ: കോണ്‍ഗ്രസ് ഒളിച്ചുകളി ആര്‍എസ്എസിനു ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

Update: 2024-03-22 18:35 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന്റെ ഒളിച്ചുകളി ആര്‍എസ്എസിനാണ് ഗുണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍നിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായോ. പാര്‍ട്ടി അധ്യക്ഷന്‍ എന്തെങ്കിലും പറഞ്ഞോ. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചോ. എന്തിനാണ് ഈ മൗനം. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചിരിക്കുകയാണ് ചെയ്തത്. പക്ഷേ, ചിരിക്കുമ്പോള്‍ ഉള്ള് പൊള്ളിയവരെ കണ്ടോ. സംഘടനാ ജനറല്‍ സെക്രട്ടറി ഇത് നേരത്തെ നടപ്പാക്കാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. നടപ്പാക്കാമെന്ന നിലപാടല്ലേ ഇത്. ഈ ഒളിച്ചു കളി ആര്‍എസ്എസിനും കേന്ദ്ര സര്‍ക്കാരിനുമാണ് ഗുണം ചെയ്യുക. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. അതുതന്നെയാണ് ഇപ്പോഴും പറയുന്നത്. അതില്‍ മാറ്റമില്ല. മുസ്‌ലിം സമുദായത്തെ രണ്ടാംകിട പൗരന്മാരായി കാണുന്നതിനെ അംഗീകരിക്കില്ല. ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രവാദം അംഗീകരിക്കാനാവില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ നിന്ന് ചിലര്‍ മാറിനിന്നു. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പെട്ടെന്ന് നിലപാട് മാറ്റി. ബിജെപിയും സംഘപരിവാറും അപഹസിച്ചാല്‍ നമുക്ക് മനസ്സിലാവും. എന്നാല്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അപഹസിച്ചു. കേരളം പ്രമേയം പാസ്സാക്കിയതിനാല്‍ കാര്യമില്ലെന്ന് പറഞ്ഞു. എന്തിനാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മനസ്സിലായിട്ടില്ല. പൗരത്വ നിയമത്തിനെതിരേ രാജ്യം പ്രക്ഷോഭത്തിനിറങ്ങിയ ഘട്ടത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രമുഖ നേതാവിന്റെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു. ലോക്‌സഭയില്‍ എ എം ആരിഫിന്റെ ശബ്ദം മാത്രമേ അന്ന് ഉയര്‍ന്നുള്ളൂ. കേരളത്തില്‍ നിന്നുള്ള മഹാഭൂരിപക്ഷം അംഗങ്ങള്‍ സഭയുടെ മൂലയിലൊളിച്ചു. ഇടത് പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യസഭയിലും ഈ ബില്ലിനെ എതിര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശബ്ദം ഉയര്‍ന്നത് നമ്മള്‍ കണ്ടില്ല, പാര്‍ലമെന്റ് കേട്ടും ഇല്ല. പിന്നീട് ഡല്‍ഹിയില്‍ പ്രക്ഷോഭം ഉണ്ടായപ്പോഴും കോണ്‍ഗ്രസിലെ ആരെയും കണ്ടില്ലെന്ന് പിണറായി പറഞ്ഞു.

Tags:    

Similar News