പട്‌നയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, മൃതദേഹം ലഭിച്ചത് പത്തു ദിവസത്തിന് ശേഷം
ബിഹാര്‍ മദ്രസ ബോര്‍ഡില്‍ ജോലി ചെയ്യുന്ന സുഹൈല്‍ അഹ്മദിന്റെ മകന്‍ ഹന്‍സല (18)ന്റെ മൃതദേഹമാണ് സംഘര്‍ഷമുണ്ടായ പട്‌നയിലെ ഫുള്‍വാരി ഷെരീഫ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.
പട്‌ന: ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം പത്തു ദിവസത്തിന് ശേഷം കണ്ടെത്തി. ബിഹാര്‍ മദ്രസ ബോര്‍ഡില്‍ ജോലി ചെയ്യുന്ന സുഹൈല്‍ അഹ്മദിന്റെ മകന്‍ ഹന്‍സല (18)ന്റെ മൃതദേഹമാണ് സംഘര്‍ഷമുണ്ടായ പട്‌നയിലെ ഫുള്‍വാരി ഷെരീഫ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. സിഎഎ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായ ഫുള്‍വാരി ഷെരീഫില്‍ നിന്നും ഡിസംബര്‍ 21ന് ഹന്‍സലയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജശ്വി യാദവിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 21ന് പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിനിടെ പട്‌ന, നവാഡ, ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളില്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഫുള്‍വാരി ഷെരീഫിലാണ് ആദ്യം ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെ കല്ലേറിലും വെടിവയ്പിലും 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടു പോലിസുകാര്‍ ഉള്‍പ്പെടെ 11 പേരെ പട്‌നയിലെ എയിംസിലേക്ക് മാറ്റിയിരുന്നു. ഇവിടെ പ്രവേശിപ്പിച്ച ആറു പേര്‍ക്ക് വെടിയേറ്റ പരിക്കുകളുണ്ട്.
26 കാരനായ ഷഹനവാസ് ഹുസൈനെ കുത്തേറ്റ നിലയില്‍ പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഹന്‍സലയുടെ കൊലയാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹത്തിന്റെ നീതിക്കായി പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്നും പട്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്റ്റീവിസ്റ്റ് അഡ്വ. മുഹമ്മദ് ഖാശിഫ് യുനുസ് പറഞ്ഞു.