മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം; വിദ്വേഷപ്രചാരകന്‍ ശ്രീജിത്ത് പന്തളത്തിനെതിരേ കേസ്
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സാമൂഹിമാധ്യമങ്ങളുടെ പ്രചരിപ്പിച്ച ഹിന്ദുത്വ വിദ്വേഷപ്രചാരകന്‍ ശ്രീജിത്ത് പന്തളത്തിനെതിരേ പോലിസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നും വ്യാപക അഴിമതിയാണ് നടക്കുന്നതെന്നുമാണ് ശ്രീജിത്ത് പന്തളം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. നേരത്തേ മുസ് ലിംകള്‍ക്കെതിരേ നിരവധി തവണ വിദ്വേഷപ്രചാരണം നടത്തിയയാളാണ് ശ്രീജിത്ത് പന്തളം.
അതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു. 194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തിയതായും അവ നീക്കം ചെയ്യാന്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയതായും പോലിസ് അറിയിച്ചു. തിരുവനന്തപുരം സിറ്റി-നാല്, എറണാകുളം സിറ്റി, പാലക്കാട്-രണ്ട് വീതം, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍-ഒന്ന് വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ ഉള്‍പ്പെടെയുള്ള വ്യാജപ്രചാരണങ്ങളും വിദ്വേഷപ്രചാരണങ്ങളും കണ്ടെത്താന്‍ സൈബര്‍ പോലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റുകള്‍ നിര്‍മിക്കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.
അതിനിടെ, വയനാട് ദുരന്തത്തില്‍ വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം കീഴൂര്‍ റോഡ് സ്വദേശി സുകേഷ് പി മോഹനെതിരേ എസ്ഡിപി ഐ ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി പരാതി നല്‍കി. എസ്ഡിപി ഐ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് റഹീം വീട്ടികട്ടാണ് ചെറുപ്പുളശ്ശേരി പോലിസില്‍ പരാതി നല്‍കിയത്.