എം കെ സ്റ്റാലിനെതിരേ വ്യാജപ്രചാരണം; തമിഴ്‌നാട് മുന്‍ ഡിജിപിക്കെതിരേ കേസെടുത്തു

Update: 2023-11-25 07:12 GMT

ചെന്നൈ: മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സര്‍ക്കാരിനുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ തമിഴ്‌നാട് മുന്‍ ഡിജിപി ആര്‍ നടരാജിനെതിരേ കേസെടുത്തു. ഡിഎംകെ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് മുന്‍ ഡിജിപി ആര്‍ നടരാജുവിനെതിരേ ട്രിച്ചി സൈബര്‍ ക്രൈം സെല്‍ കേസെടുത്തത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഹിന്ദുക്കളുടെ വോട്ട് വേണമെന്ന അവസ്ഥയിലേക്ക് ഡിഎംകെ താഴ്ന്നിട്ടില്ല എന്ന അടിക്കുറിപ്പോടെയുള്ള, ഒരു തമിഴ് വാര്‍ത്താ ചാനലിലിന്റെ പേരിലുള്ള വ്യാജ വാര്‍ത്താ കാര്‍ഡാണ് നടരാജ് വാട്‌സ് ആപിലൂടെ പങ്കുവച്ചത്. എം കെ സ്റ്റാലിന്റെ ചിത്രവും ഇതിലുണ്ടായിരുന്നു. മാത്രമല്ല, രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പോലിസ് പിന്തുണയില്‍ തകര്‍ത്തെന്ന വ്യാജ പോസ്റ്റും ഇദ്ദേഹം പങ്കുവച്ചതായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിനെയും പോലിസിനെയും അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ളതാണ് പോസ്റ്റുകളെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസിയിലെ വിവിധ വകുപ്പുകളായ 153(എ), 504, 505(1), (ബി), 505(1), (സി), 505(2) എന്നിവയും ഐടി ആക്ട്, 200ലെ 66 (ഡി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

Tags:    

Similar News