വിജയവാഡ: വ്യാപാരത്തര്‍ക്കത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ മൂന്നുപേരെ പട്ടാപ്പകല്‍ കാറിനുള്ളിലിട്ട് തീയിട്ടു. ഒരാള്‍ക്കു ഗുരുതരപരിക്ക്. യൂസ്ഡ് കാര്‍ വ്യാപാരിയായിരുന്ന ഗംഗാധറിനും ഭാര്യയ്ക്കും സുഹൃത്തിനുമാണ് പൊള്ളലേറ്റത്. സുഹൃത്തിന്റെ നില ഗുരുതരമാണെന്നു പോലിസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം. സംഭവശേഷം രക്ഷപ്പെട്ട പ്രതി വേണുഗോപാല്‍ റെഡ്ഡിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യൂസ്ഡ് കാറുകളുടെ ബിസിനസിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്രൂരത ചെയ്തതെന്നാണു പോലിസ് പറയുന്നത്.
വ്യാപാര പങ്കാളികളായിരുന്ന വേണുഗോപാല്‍ റെഡ്ഡിയും ഗംഗാധറും തമ്മില്‍ കാര്‍ വ്യാപാരത്തില്‍ നഷ്ടം തുടങ്ങിയതോടെ തര്‍ക്കമുണ്ടായി. ഇതേക്കുറിച്ച് സംസാരിക്കാന്‍ ഗംഗാധറുമായി വേണുഗോപാല്‍ റെഡ്ഡി നിരവധി തവണ ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല. തിങ്കളാഴ്ച ഗംഗാധര്‍ ഭാര്യയ്ക്കും ഒരു സുഹൃത്തിനുമൊപ്പം വേണുഗോപാലിനെ കാണാനെത്തി. നാലുപേരും കാറിനുള്ളിലിരുന്ന് ചര്‍ച്ച നടത്തുന്നതിനിടെ പുകവലിക്കാനെന്ന വ്യാജേന വേണുഗോപാല്‍ പുറത്തിറങ്ങി. മദ്യക്കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ കാറിന് മുകളിലൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വി ഹര്‍ഷവര്‍ധന്‍ രാജു പറഞ്ഞു.
Car With 3 Inside Set On Fire In Andhra Pradesh