കൊലവിളി മുദ്രാവാക്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു
കോഴിക്കോട്: തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലിസ്.കണ്ടാലറിയുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പോലിസാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.
എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു.143,146,147 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല.
തിക്കോടി ടൗണിലായിരുന്നു പ്രകടനം നടന്നത്.പ്രസ്ഥാനത്തിനെതിരേ വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും അവസ്ഥ ഓര്‍മ്മയില്ലേ എന്ന ഭീഷണിയോടെയായിരുന്നു മുദ്രാവാക്യം.'ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഐബിനെ.വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍.... ചത്തുമലര്‍ന്നത് ഓര്‍മയില്ലേ.പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തികീറും.പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല'എന്നിങ്ങനെയുള്ള പ്രകോപനം സൃഷ്ടിക്കുന്ന കൊലവിളി മുദ്രാവാക്യമായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തിനിടെ വിളിച്ചത്.സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യത്തിനെതിരേ സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്തിന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.