ജാതിക്കൊലയെ മഹത്വവല്‍ക്കരിക്കുന്ന സിനിമ; രാം ഗോപാല്‍ വര്‍മയ്‌ക്കെതിരേ കേസ്
വൈശ്യ സമുദായത്തില്‍ നിന്നുള്ള ഉയര്‍ന്ന ജാതിക്കാരിയായ അമൃതയെ വിവാഹം കഴിച്ച പ്രണയ് കുമാര്‍ എന്ന യുവാവിനെ ഭാര്യ അമൃതയുടെ പിതാവ് മാരുതി റാവുവും അമ്മാവന്‍ ശ്രാവണ്‍ കുമാറും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം
ഹൈദരാബാദ്: ജാതിക്കൊലയെ മഹത്വവല്‍ക്കരിക്കുന്ന വിധത്തിലുള്ള സിനിമ നിര്‍മിച്ചതിനു പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ഇതര ജാതിയില്‍പെട്ട യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച പ്രണയ് കുമാര്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കി 'മര്‍ഡര്‍' എന്ന സിനിമ നിര്‍മിച്ചതിനാണു രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കേസെടുക്കാന്‍ തെലങ്കാനയിലെ നല്‍ഗൊണ്ട സ്‌പെഷ്യല്‍ എസ്‌സി/എസ്ടി കോടതി കോടതി മിരിയാല്‍ഗുഡ പോലിസിന് നിര്‍ദേശം നല്‍കിയത്. 2018ല്‍ തെലങ്കാനയിലെ മിരിയാല്‍ഗുഡ പട്ടണത്തില്‍ നടന്ന ജാതി കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സിനിമ.
വൈശ്യ സമുദായത്തില്‍ നിന്നുള്ള ഉയര്‍ന്ന ജാതിക്കാരിയായ അമൃതയെ വിവാഹം കഴിച്ച പ്രണയ് കുമാര്‍ എന്ന യുവാവിനെ ഭാര്യ അമൃതയുടെ പിതാവ് മാരുതി റാവുവും അമ്മാവന്‍ ശ്രാവണ്‍ കുമാറും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. അമൃതയുടെ പിതാവ് മാരുതി റാവു ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. സംഭവം സിനിമയാക്കുന്നത് കൊല്ലപ്പെട്ട പ്രണയ് കുമാറിന്റെ പിതാവ് ബാലസ്വാമി എതിര്‍ത്തിരുന്നു. കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ അതിനെ ബാധിക്കുമെന്നും തങ്ങളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ബാലസ്വാമി കോടതിയെ സമീപിച്ചിരുന്നത്. ഐപിസി സെക്്ഷന്‍ 153 എ(മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), എസ്‌സി/എസ്ടി പിഎഎ ഭേദഗതി നിയമം-2015 ലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. സിനിമയുടെ നിര്‍മാതാവിനെതിരേയും കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ജാതിക്കൊലയെ പെണ്‍കുട്ടിയുടെ പിതാവിന്റെ സ്‌നേഹവാല്‍സല്യത്തിന്റെ പരിണിതഫലനമെന്ന രീതിയിലാണ് ചിത്രീകരിച്ചിരുന്നത്. 'ഇത് ഒരു മകളെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഒരു പിതാവിന്റെ കഥയാണ്. അമൃത, മാരുതി റാവു എന്നിവരെ അടിസ്ഥാനമാക്കിയുള്ള ഹൃദയഭേദകമായ കഥയായിരിക്കും' എന്നാണ് ഫാദേഴ്‌സ് ഡേയില്‍ രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെ്തത്. ഇതേത്തുടര്‍ന്ന് ജാതിക്കൊലയെ മകളോടുള്ള പിതാവിന്റെ സ്‌നേഹത്തിന്റെ ഫലമാണെന്നു വിളിക്കുക വഴി അതിനെ മഹത്വവല്‍ക്കരിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.