വായ്പാ തട്ടിപ്പ് കേസ്: അസം മുന്‍ മുഖ്യമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്ത് സിബിഐ
ദിസ്പൂര്‍: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയയുടെ മകന്‍ അശോക് സൈകിയയെ സിബിഐ അറസ്റ്റുചെയ്തു. ഗുവാഹത്തിയില്‍ വച്ച് അറസ്റ്റ് ചെയ്ത സൈകിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. 1996ല്‍ അസം സ്റ്റേറ്റ് കോ-ഓപറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍നിന്ന് അശോക് സൈകിയ എടുത്ത 9.37 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സമന്‍സ് അയച്ചിട്ടും ഹാജരാവാതിരുന്നതോടെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
അശോക് സൈകിയയുടെ സഹോദരന്‍ ദേബബ്രത സൈകിയ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. ഗുവാഹത്തിയിലെ പള്‍ട്ടന്‍ ബസാര്‍ പോലിസ് സ്റ്റേഷനില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് 2001ല്‍ അന്വേഷണ ഏജന്‍സിയുടെ കൊല്‍ക്കത്ത ബ്രാഞ്ചില്‍ രണ്ട് പരാതികള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് സിബിഐക്ക് കൈമാറി. 2013ല്‍ ഒരു കേസില്‍ അശോക് സൈകിയ ശിക്ഷിക്കപ്പെട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ വിധി നേരത്തെ തീര്‍പ്പാക്കിയതാണെന്നും ബാങ്കിന് തെറ്റ് സംഭവിച്ചതാണെന്നുമാണ് ദേബബ്രത സൈകിയയുടെ പ്രതികരണം.
കേസില്‍ സിബിഐയുടെ വരവ് പെട്ടന്നാണെന്നും കോടതിയില്‍നിന്നുപോലും നോട്ടീസോ മറ്റോ ലഭിച്ചിട്ടില്ലെന്നും അശോക് പറഞ്ഞു. വളരെക്കാലം മുമ്പ് തിരിച്ചടച്ച വായ്പയുടെ പേരില്‍ താന്‍ ഇരയാക്കപ്പെടുകയാണ്. ഞാന്‍ 1996ല്‍ ഒരു ബിസിനസ്സിനായി ബാങ്കില്‍നിന്ന് വായ്പ എടുത്തിട്ടുണ്ട്. ഞാന്‍ കുടിശ്ശിക തീര്‍ത്തു. 2015 ഒക്ടോബര്‍ 10ന് അന്നത്തെ ബാങ്കിന്റെ ജനറല്‍ മാനേജര്‍ എച്ച് എന്‍ ബോറ ഒരു കത്തില്‍ വായ്പ ലിക്വിഡേറ്റ് ചെയ്തതായി അറിയിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.