3,000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്: വീഡിയോകോണ്‍ ചെയര്‍മാന്‍ അറസ്റ്റില്‍

Update: 2022-12-26 07:59 GMT

മുംബൈ: ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാനെ സിബിഐ അറസ്റ്റ് ചെയ്തു. 3,000 കോടി രൂപയുടെ ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് വേണുഗോപാല്‍ ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ഇവരെ വിശദമായി സിബിഐ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെയാണ് വീഡിയോകോണ്‍ ചെയര്‍മാനും അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുംബൈയില്‍നിന്നാണ് വേണുഗോപാല്‍ ധൂതിനെ അറസ്റ്റ് ചെയ്തത്.

ചന്ദാ കോച്ചാര്‍ സിഇഒ ആയിരുന്ന സമയത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി വായ്പ അനുവദിച്ച് നല്‍കിയത്. ബാങ്കിങ് റെഗുലേഷന്‍ ആക്ടും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളും മറികടന്നാണ് വായ്പ അനുവദിച്ചത്. ക്രിമിനല്‍ ഗൂഢാലോചന അടക്കം വകുപ്പുള്‍ ചേര്‍ത്താണ് കൊച്ചാര്‍ ദമ്പതികളേയും ധൂതിനേയും സിബിഐ പ്രതികളാക്കിയിട്ടുള്ളത്. 2019ലെ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഓയില്‍ ആന്റ് ഗ്യാസ് എക്‌സ്‌പ്ലോറേഷന്‍ കമ്പനിയായ വീഡിയോകോണ്‍ ഗ്രൂപ്പിനെ അനുകൂലിച്ചെന്നാരോപിച്ച് 59 കാരിയായ ചന്ദാ കൊച്ചാര്‍ 2018 ഒക്ടോബറില്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒയും മാനേജിങ് ഡയറക്ടറും സ്ഥാനം രാജിവച്ചിരുന്നു.

Tags:    

Similar News