സിബിഐയില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം
നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥലംമാറ്റം.
ന്യൂഡല്‍ഹി: നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥലംമാറ്റം. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച യോഗംചേരാനിരിക്കേയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് താല്‍കാലിക ഡയറക്ടര്‍ നാഗേശ്വര റാവു ഉത്തരവിട്ടിരിക്കുന്നത്. നീരവ് മോദിക്കും മെഹുല്‍ ചക്‌സിക്കും എതിരായ കേസുകള്‍ അന്വേഷിക്കുന്ന എസ് കെ നായരെ മുംബൈ ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. തൂത്തുക്കുടി സ്‌റ്റെര്‍ലൈന്റ് പ്ലാന്റ് സമരകേസുകള്‍ അന്വേഷിക്കുന്ന എസ്പി എ ശരവണനാണ് തല്‍സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ടുജി സ്‌പെക്ട്രം കേസ് അന്വേഷിച്ച വിവേക് പ്രിയദര്‍ശിയെയും സ്ഥലംമാറ്റിയിട്ടുണ്ട്. അതേസമയം സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകള്‍ തുടര്‍ന്നും അന്വേഷണം നടത്താമെന്നും ഉത്തരവില്‍ പറയുന്നു.