ദില്ലി: കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നും വിവരങ്ങള്‍ തേടിയെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ കെഎന്‍ ത്രിപാഠി പറഞ്ഞു. തുടര്‍നടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ കൊല്‍ക്കത്ത പ്രശ്‌നം സുപ്രീം കോടതിയില്‍ പരാമര്‍ശിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് രാവിലെ പത്തരയ്ക്ക് വിഷയം ഉന്നയിക്കുക. മനു അഭിഷേക് സിംഗ്‌വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകും.
അതേസമയം കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരത്തിന് പിന്തുണയേറുകയാണ്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തിയിരുന്നു.
എന്നാല്‍ മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും ആരോപിച്ച് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തി. സിപിഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമര്‍ശിച്ചു. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസില്‍ ഇപ്പോള്‍ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാന്‍ തൃണമൂലും നാടകം കളിക്കുകയാണെന്ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.