സിബിഎസ്ഇ ഉറുദു ചോദ്യപേപ്പര്‍ ഒഴിവാക്കി; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

Update: 2024-09-19 13:47 GMT

ന്യൂഡല്‍ഹി: ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രം ചോദ്യപേപ്പറുകള്‍ നല്‍കാനുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ(സിബിഎസ്ഇ) തീരുമാനം ഉറുദു മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. രാജ്യത്താകെയുള്ള ആയിരക്കണക്കിന് ഉറുദു മീഡിയം സ്‌കൂളുകള്‍ വിദ്യാര്‍ഥികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി(MANUU) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പരമ്പരാഗതമായി ഉറുദു ഭാഷയില്‍ പഠിക്കുന്നത്. ഇപ്പോള്‍ ഈ വിദ്യാര്‍ഥികള്‍ അവരുടെ പ്രവേശന ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ ഇംഗ്ലീഷോ ഹിന്ദിയോ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

    10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ അച്ചടിക്കാവൂ എന്നാണ് സിബിഎസ്ഇ നിര്‍ദേശിച്ചതെന്ന് ദി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു. ബോര്‍ഡിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇവ രണ്ടും ഒഴികെയുള്ള മറ്റേതെങ്കിലും ഭാഷയില്‍ എഴുതിയ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തില്ലെന്നാണ് പറയുന്നത്. ബോര്‍ഡ് അനുവദിക്കാത്ത ഭാഷയില്‍ ഉത്തരങ്ങള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആ വിഷയത്തിന് മാര്‍ക്ക് നല്‍കാതെ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അഭിപ്രായപ്പെട്ടു. ഇത് മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെയാണ് കൂടുതല്‍ ബാധിക്കുക.

    മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി(MANUU) സ്‌കൂളുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുമ്പോള്‍ സിബിഎസ്ഇക്ക് ഉറുദു മീഡിയം അധ്യയനത്തെക്കുറിച്ച് പൂര്‍ണമായി അറിയാമായിരുന്നുവെന്നാണ് പറയുന്നത്. 2010ല്‍ സ്ഥാപിതമായ സ്‌കൂളുകള്‍ക്ക് 2020 വരെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ 2021 മുതല്‍ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ ഉറുദു ഭാഷയിലുള്ള ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നത് ബോര്‍ഡ് നിര്‍ത്തി. എന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി വിദ്യാര്‍ഥികള്‍ ഉറുദുവില്‍ ഉത്തരങ്ങള്‍ എഴുതുന്നത് തുടര്‍ന്നു. എന്നാല്‍ ഏറ്റവും പുതിയ നിര്‍ദേശത്തോടെ ഇനി അത് അനുവദിക്കില്ലെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള ചോദ്യപേപ്പറുകള്‍ ഉറുദു ഭാഷയില്‍ സ്വീകരിക്കുന്നത് ശീലമാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അത് മനസ്സിലാക്കാന്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി(MANUU) സ്‌കൂളിലെ ഒരു അധ്യാപകന്‍ പറഞ്ഞു. നയത്തിലെ പെട്ടെന്നുള്ള മാറ്റം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കി. പുതിയ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ പരീക്ഷകളില്‍ മികച്ച പ്രകടനം നടത്താനുള്ള അവരുടെ കഴിവിനെക്കുറിച്ച് പലരും ഇപ്പോള്‍ ആശങ്കയിലാണ്. ഡല്‍ഹിയില്‍ മാത്രം 12 സിബിഎസ്‌സി പാറ്റേണ്‍ ഉറുദു മീഡിയം സ്‌കൂളുകളാണുള്ളത്.

CBSE Drops Urdu, thousands of Urdu medium students left clueless

Tags:    

Similar News