ന്യൂഡല്‍ഹി: വാലന്റൈന്‍സ് ഡേ ആയ ഫെബ്രുവരി 14ന് 'കൗ ഹഗ് ഡേ' ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ പ്രഖ്യാപനം വിവാദമാവുകയും വന്‍വിമര്‍ശനവും ട്രോളുകളും ഉയര്‍ന്ന സാഹചര്യത്തിലുമാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്‍മാറ്റം. കഴിഞ്ഞ ദിവസമാണ് ഏറെ വിവാദമായ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
പ്രണയ ദിനം കൗ ഹഗ് ഡേയായി ആചരിക്കാന്‍ ആവശ്യപ്പെട്ട കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ് കെ ദത്ത, സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നും അവകാശപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നത്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. തീരുമാനത്തെ പിന്തുണച്ചും ന്യായീകരിച്ചും വിവിധ ബിജെപി നേതാക്കളും രംഗത്തെത്തി.